തൃശ്ശൂർ : നേപ്പാൾ അതിർത്തിയിലെ കട്യാർ ജില്ലയിൽ റാവുത്തര ഗ്രാമത്തിലെ നയാ ടോല വീട്ടിൽ തിങ്കളാഴ്ച രാവിലെ ഒരു ചെറിയ ആൾക്കൂട്ടം. എല്ലാവരും വിഷ്ണുകുമാർ മണ്ഡലിനെ കാണാൻ, അവനെത്തും മുമ്പേ അവിടെ എത്തിയവർ. രാമവർമപുരത്തെ ചിൽഡ്രൻസ് ഹോമിൽനിന്ന് നാട്ടിലേക്ക് യാത്രയാക്കിയ ബാബു എന്ന വിഷ്ണുവിന്റെ എത്തിച്ചേരലുണ്ടാക്കിയ ആഹ്ലാദം ചെറുതായിരുന്നില്ല.

കൺവെട്ടത്ത് മകൻ എത്തിയപ്പോൾ അമ്മ സുനിതാദേവി കരഞ്ഞുകൊണ്ട് ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നെന്ന് വിഷ്ണുവിനെ കൊണ്ടുപോകാൻ തൃശ്ശൂരിൽ വന്നിരുന്ന ബന്ധു ദിലീപ് പറഞ്ഞു. നാലുവയസ്സുകാരി അനിയത്തി സൃഷ്ടിയെ, വിഷ്ണു എടുത്തുയർത്തി ഉമ്മവച്ചു. ചേട്ടൻ രാകേഷിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത വിഷ്ണു എന്ന പതിനഞ്ചുകാരൻ, രണ്ടു കൊല്ലം തന്നെ വളർത്തിയ കേരളത്തിലെ വിശേഷങ്ങൾ ആംഗ്യത്തിലൂടെ വിവരിച്ചു. താമസിച്ചിരുന്ന ചിൽഡ്രൻസ് ഹോമിലെ ഫുട്‌ബോൾ കളിയെ കുറിച്ചായിരുന്നു അവൻ ഏറെ പറഞ്ഞ് ഫലിപ്പിച്ചത്.

ചിൽഡ്രൻസ് ഹോമിലെ ജിതേഷിനെ കുറിച്ചും മറ്റും വിഷ്ണു വിവരിച്ചു. ചിൽഡ്രൻസ് ഹോം അധികൃതർ വാങ്ങിക്കൊടുത്ത പുത്തനുടുപ്പും ബാഗും എല്ലാവരേയും കാണിച്ചു. വിഷ്ണുവിനെ കുറിച്ചുള്ള വാർത്ത വന്ന മാതൃഭൂമി പത്രവുംകൊണ്ടാണ് അവിടെ എത്തിയത്. വീട്ടിലെത്തിയ ശേഷം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാതിന്റെ വീട്ടിലും വിഷ്ണുവും അച്ഛനും പോയി.

2019-ൽ തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽനിന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ വിഷ്ണുവിനെ കണ്ടെത്തിയത്. സംസാര-ശ്രവണ ശേഷി ഇല്ലാത്ത കുട്ടിയുടെ വിലാസം കണ്ടുപിടിക്കാൻ കഴിയാതെ വിഷമിച്ച ചിൽഡ്രൻസ് ഹോം പ്രവർത്തകരാണ് അവസാന ശ്രമമെന്ന നിലയിൽ ആധാർ വഴിയുള്ള സാധ്യത നോക്കിയത്. അതാണ് ഫലം കണ്ടതും വിഷ്ണുവിന് വീട്ടിലെത്താൻ വഴിയൊരുങ്ങിയതും.