എരുമപ്പെട്ടി: ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിൽ എരുമപ്പെട്ടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന് അവ്യക്തത. വയോധികന് വാർദ്ധക്യകാല പെൻഷനും വികലാംഗ പെൻഷനും നൽകിയശേഷം വികലാംഗ പെൻഷൻ തുക തിരിച്ചുവാങ്ങി. പ്രതിഷേധം കനത്തപ്പോൾ തിരിച്ചെടുത്ത പെൻഷൻ തുക ബാങ്ക് തിരിച്ചുനൽകി. മങ്ങാട് പാറപ്പുറത്ത് വീട്ടിൽ ഭാസ്‌കരനിൽ നിന്നാണ് വിതരണം ചെയ്ത പെൻഷൻ തുക തിരിച്ചുവാങ്ങിയത്. തിങ്കളാഴ്ച രാവിലെ പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കിന്റെ ഏജന്റാണ് ഭാസ്‌കരന് പെൻഷൻ തുക എത്തിച്ചു നൽകിയത്.

മൂന്ന് മാസത്തെ വാർദ്ധക്യകാല പെൻഷൻ തുകയായ 3600 രൂപയും ജൂലായ്‌ മാസത്തെ വികലാംഗ പെൻഷൻ തുകയായ 600 രൂപയുമാണ് കൈപ്പറ്റിയത്. എന്നാൽ ഉച്ചതിരിഞ്ഞ് ഏജന്റ് തിരിച്ചെത്തി വികലാംഗ പെൻഷന് അർഹതയില്ലെന്നു പറഞ്ഞ് പണം തിരിച്ചുവാങ്ങുകയായിരുന്നു. സംഭവം വാർഡ് അംഗം സി.എ. ജോസഫിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ബാങ്ക് അധികൃതരെ വിവരം അറിയിച്ച് പ്രതിഷേധിച്ചു. ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി 2019 ഫെബ്രുവരി 16-ന് ഇറക്കിയ ഉത്തരവ് പ്രകാരം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബാങ്ക് അധികൃതർ ഉത്തരവ് പരിശോധിച്ച് ബുധനാഴ്ച മൂന്നിന് പെൻഷൻ തുക തിരിച്ചുനൽകി.

എരുമപ്പെട്ടി പഞ്ചായത്തിനെ കഴിഞ്ഞദിവസം സമ്പൂർണ പെൻഷൻ പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. ഭാസ്‌കരന് മുൻപ് വാർദ്ധക്യകാല പെൻഷൻ മാത്രമാണ് ലഭിച്ചിരുന്നത്. പഞ്ചായത്തിൽ അപേക്ഷ നൽകിയതിനെത്തുടർന്നും പുതിയ ഉത്തരവ് പ്രകാരവുമാണ് വികലാംഗ പെൻഷൻ പഞ്ചായത്ത് അനുവദിച്ചിരുന്നത്. തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും തിരുത്താത്ത സി.പി.എം. നേതൃത്വത്തിലുള്ള സഹകരണ ബാങ്കിന്റെ നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ജോസ് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോഴാണ് ബാങ്ക് പണം തിരിച്ചുനൽകാൻ തയ്യാറായതെന്നും കുറ്റപ്പെടുത്തി.

പ്രതിഷേധം ഉയർന്നപ്പോൾ തിരിച്ചുനൽകി

പുതിയ ഉത്തരവ് ഇറങ്ങിയത് അറിയാതെ സംഭവിച്ചതാണെന്ന് ബാങ്ക് അധികൃതർ