വെള്ളാങ്ങല്ലൂർ: സ്വന്തം വ്യവസായശാലയിലെ 64 തൊഴിലാളികൾക്കായി കണ്ടെയ്‌നർ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ വാസസ്ഥലം ഒരുക്കി വജ്ര റബ്ബർ പ്രൊഡക്ട്സ്. വെള്ളാങ്ങല്ലൂർ മനയ്ക്കലപ്പടിയിലാണ്‌ സ്ഥാപനം. ബഹിരാകാശ, പ്രതിരോധ മേഖലകളിലേക്ക്‌ ആവശ്യമായ റബ്ബർ ഉത്പന്നങ്ങളാണ്‌ ഇവിടെ നിർമിക്കുന്നത്‌.

ചാന്ദ്രയാൻ, മംഗൾയാൻ പര്യവേഷണങ്ങളിലും, അഗ്നി, പൃഥ്വി മിസൈൽ രംഗങ്ങളിലും കമ്പനി ഭാഗമായിട്ടുണ്ട്. കമ്പനിയോടുചേർന്ന് നിർമിച്ച ഈ കണ്ടെയ്‌നർ വാസസ്ഥലത്താണ് തൊഴിലാളികളുടെ താമസം.

കാലപ്പഴക്കം വന്നതും പരിശോധനയിൽ മാറ്റിയതും ഉരുക്കി പുനരുജ്ജീവിപ്പിക്കേണ്ടതുമായ എട്ടു കണ്ടെയ്‌നറുകൾ വിവിധ പ്രദേശങ്ങളിൽനിന്ന് കൊണ്ടുവന്നാണ് വാസസ്ഥലം ഉണ്ടാക്കിയത്. താഴെയും മുകളിലുമായി നാലെണ്ണം വീതം സ്ഥാപിച്ചു.

വെയിൽ, മഴ എന്നിവയിൽനിന്ന് രക്ഷയ്ക്കായി ഡബിൾ റൂഫിങ്ങുമുണ്ട്‌. ഓരോ കണ്ടെയ്‌നറിലും എട്ടുപേർക്ക് കിടക്കാനുള്ള സൗകര്യം, ശീതീകരണ സംവിധാനം, എൽ.ഇ.ഡി. വിളക്ക്, മൊബൈൽ ചാർജിങ് പോയിന്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ആധുനിക രീതിയിലുള്ള ശുചിമുറി, വസ്ത്രം അലക്കൽ സൗകര്യവും ഒരുക്കി.

കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജി. സചീന്ദ്രനാഥ്‌, എക്സിക്യുട്ടീവ് ഡയറക്ടർ ജി. ശബരീനാഥ്‌, മാർക്കറ്റിങ് ഡയറക്ടർ പി.എസ്. കണ്ണൻ, പ്രൊഡക്ഷൻ ഡയറക്ടർ പി.എസ്. പ്രശാന്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് ഇത്തരമൊരു സംവിധാനം തയ്യാറായത്. ആർക്കിടെക്ട് സൂര്യ പ്രശാന്താണ് ഇത്തരമൊരു ആശയം ഡിസൈൻ ചെയ്തു നിർമിച്ചെടുത്തത്.

Content Highlights: container home for vajra rubber products private limited employees house home styles interior budget