വടക്കാഞ്ചേരി : മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാനാകുന്ന സ്മാർട്ട് കമ്പോസ്റ്റ് നിർമാണ സംവിധാനം വികസിപ്പിച്ച് വിദ്യ എൻജിനീയറിങ് കോളേജിലെ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് വിദ്യാർഥികൾ. ആദ്യത്തെ 15 ദിവസം സാധാരണ കമ്പോസ്റ്റ് രീതിയിൽ മിശ്രിതമുണ്ടാക്കി യന്ത്രത്തിലേക്ക് മാറ്റുന്നു. മിശ്രിതം പൂർണമായും കമ്പോസ്റ്റാക്കാനുള്ള ഉപകരണവും ഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രക്രിയകളെല്ലാം വീട്ടിലിരുന്ന് നിയന്ത്രിക്കാനായി പ്രാദേശിക വൈ-ഫൈ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈൽ ആപ്പും വികസിപ്പിച്ചു.

ജൈവകൃഷി ചെയ്യുന്ന കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർഥികളായ കെ.എസ്. അപർണ, സമീന അലി സലിം, കെ.പി. പ്രവിനീഷ് കൃഷ്ണ, സൈമൺ തണ്ണിക്കൽ ജോൺ എന്നിവരാണ് യന്ത്രം വികസിപ്പിച്ചത്.

കോളേജിലെ ഇലക്‌ട്രിക്കൽ വിഭാഗം മേധാവി ഡോ. മേരി പി. വർഗീസിന്റെ നേതൃത്വത്തിൽ അസോസിയേറ്റ് പ്രൊഫസർ എസ്.കെ. രാജേഷാണ് മാർഗനിർദേശങ്ങൾ നൽകിയത്. കാർഷിക സർവകലാശാലയുമായി ചേർന്ന് യന്ത്രം കർഷകർക്ക് പൂർണമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ.

Content Highlight: Compost making through mobile app