തൃശ്ശൂർ : ബന്ധുക്കളെ കാണാൻ വീട്ടുകാരോട് പറയാതെ ഇറങ്ങി, പാതിയാത്രയിൽ വഴി മറന്ന 85-കാരി എത്തിയത് കളക്ടറേറ്റ് പടിക്കൽ. ജില്ലാ കളക്ടറുടെ ഇടപെടലിൽ മണിക്കൂറുകൾക്കകം വീട് കണ്ടെത്തി ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. കണിമംഗലം വടക്കേപുരയ്ക്കൽ കുട്ടപ്പന്റെ ഭാര്യ പാറുക്കുട്ടി അമ്മയാണ് വഴി തെറ്റിയെത്തിയത്. ബുധനാഴ്ച പത്തുമണിയോടെയാണ് സംഭവം.

നെടുപുഴയിലുള്ള ബന്ധുക്കളെ കാണുന്നതിന്, പുതൂർക്കരയിലുള്ള സഹോദരന്റെ മകന്റെ വീട്ടിൽനിന്നാണ് ഇവർ പുറപ്പെട്ടത്. പുറപ്പെടുമ്പോൾ സഹോദരന്റെ മകന്റെ മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നെടുപുഴയ്ക്ക് പുറപ്പെട്ട ഇവർ എത്തിയത് കളക്ടറേറ്റ് പടിക്കലായിരുന്നു. ഇവരെക്കണ്ട കളക്ടറേറ്റ് ജീവനക്കാരായ പ്രതിഭയും ഗോപാലകൃഷ്ണനും കാര്യം തിരക്കി. നെടുപുഴയിലേക്ക് പോകണമെന്ന് അറിയിച്ചതോടെ പേരാമംഗലം സ്വദേശി സജിയുടെ ഓട്ടോറിക്ഷയിൽ‌ കയറ്റിവിട്ടു. എന്നാൽ, നെടുപുഴയിൽ എത്തിയപ്പോൾ ബന്ധുക്കളോ വീടോ അവിടെ ഉണ്ടായിരുന്നില്ല. ഓട്ടോഡ്രൈവർ കളക്ടറേറ്റ് ജീവനക്കാരെ വിളിച്ച് വിവരം പറഞ്ഞതോടെ, ഇവരെ കളക്ടറേറ്റിലേക്ക് തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടു. തിരിച്ചെത്തിയ പാറക്കുട്ടി അമ്മയ്ക്ക് പക്ഷേ, താൻ താമസിക്കുന്ന വീട് എവിടെയാണെന്ന് പറയാൻ സാധിച്ചില്ല. ഇത് ജീവനക്കാരെ വലച്ചു. തുടർന്ന് തൃശ്ശൂർ മെയിന്റനൻസ് ട്രിബൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ബിനി കാര്യങ്ങൾ ചോദിച്ചറിയുകയും കളക്ടറെ അറിയിക്കുകയും ചെയ്തു.

എത്രയും പെട്ടെന്ന് അവരെ താമസിക്കുന്ന വീട്ടിൽ എത്തിക്കാൻ കളക്ടർ നിർദേശിച്ചു. മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ ജില്ലാ ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസ്, വില്ലേജ് ഓഫീസ് മുഖേന അന്വേഷണം നടത്തി ബന്ധുക്കളെ കണ്ടുപിടിച്ചു. സുരക്ഷിതമായി ഉച്ചയ്ക്ക് ഒരുമണിയോടെ ഇവരെ പുതൂർക്കരയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.

Content highlights: collectorate employees took old women who lost her way home