വടക്കാഞ്ചേരി : മലാക്ക എന്ന സ്ഥലത്ത് വീടുപണിക്ക് ഗ്രാനൈറ്റ് ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെടുകയും തർക്കത്തെത്തുടർന്ന് ഉടമയുടെ കൈ തല്ലിയൊടിക്കുകയുംചെയ്ത സംഭവത്തിൽ 10 സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികളുടെ തൊഴിൽകാർഡ് സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് ലേബർ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ഡെപ്യൂട്ടി ലേബർ ഓഫീസറാണ് നടപടിയെടുത്തത്. കാർഡ് സസ്‌പെൻഡ് ചെയ്യപ്പെട്ട തൊഴിലാളിക്ക് ഒരു മാസത്തേക്ക് തൊഴിൽ ചെയ്യാനാവില്ല. രജിസ്‌ട്രേഷൻ റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ഒരു മാസത്തിനകം തൃശ്ശൂർ ഡെപ്യൂട്ടി ലേബർ കമ്മിഷണറെ ബോധിപ്പിക്കണം. സംഭവത്തിൽ ഉൾപ്പെടാത്ത മൂന്ന് തൊഴിലാളികളാണ് ഇനി മലാക്കയിലുള്ളത്.

കെ.ജെ. ജോർജ്, വി.വി. ജയകുമാർ, പി.വി. രാധാകൃഷ്ണൻ, സി.എസ്. വിഷ്ണു, എ.എസ്. ഷാജൻ, എം.ബി. സുകുമാരൻ, യു.വി. തമ്പി, എം.ആർ. രാജേഷ്, സി.ആർ. രാജീവൻ, കെ.എം. ബഷീർ എന്നിവരുടെ കാർഡാണ് സസ്‌പെൻഡ്‌ ചെയ്തത്.

മലാക്ക കദളിക്കാട്ടിൽ പ്രകാശന്റെ വീടുപണിക്കുള്ള ഗ്രാനൈറ്റ് ഇറക്കുന്ന തർക്കമാണ് ബുധനാഴ്ച രാത്രി സംഘർഷത്തിലെത്തിയത്. പ്രകാശനെക്കൂടാതെ ഭാര്യ പ്രസീത, സഹോദരൻ പ്രശാന്ത്(42), ഗ്രാനൈറ്റ് പണിക്കാരൻ എൽദോ(42) എന്നിവർക്കും മർദനത്തിൽ പരിക്കേറ്റിരുന്നു.

ഗ്രാനൈറ്റ് കയറ്റിയ ടിപ്പറിന്റെ ഡ്രൈവറോടാണ് 12,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. വീടുപണി നടക്കുന്ന സ്ഥലംവരെ വലിയ ലോറി എത്തില്ല. വലിയ ലോറിയിൽ ഒരിടത്ത് ഇറക്കിയശേഷം അവിടെനിന്ന് ടിപ്പറിൽ പണിസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. തൊഴിലാളികൾ ആദ്യ ലോഡ് ഈ വിധം ഇറക്കിയിരുന്നു. പിറ്റേന്നു രാവിലെ ടിപ്പർഡ്രൈവറോട് 12,000 രൂപ വൈകീട്ടു മൂന്നിനുമുമ്പ് നൽകണമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി. എം.ബി. സുകുമാരൻ എന്ന തൊഴിലാളിയുടെ ഫോണിൽനിന്ന് നിരന്തരം വിളിക്കുകയായിരുന്നെന്ന് തൊഴിൽവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പിന്നീടായിരുന്നു വീടുകയറിയുള്ള മർദനം.

ഗാർഹികമേഖലയിലെ കയറ്റിറക്ക്, കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ഉൾപ്പെടാത്തതിനാൽ, ഉടമയ്ക്ക് ഇഷ്ടമുള്ള ആളിനെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന വ്യവസ്ഥ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ടിപ്പർ ഡ്രൈവറോടാണ് ഈ സംഭവത്തിൽ നോക്കുകൂലി ചോദിച്ചതെങ്കിലും അത് കുറ്റമായിത്തന്നെ കണക്കാക്കും.

സംഭവത്തിൽ പത്തു സി.ഐ.ടി.യു തൊഴിലാളികളുടെ പേരിൽ വടക്കാഞ്ചേരി പോലീസും കേസ് എടുത്തിരുന്നു. തൊഴിലാളികളെ ആക്രമിച്ചെന്ന പരാതിയിൽ പ്രകാശനെയും കണ്ടാലറിയാവുന്ന ആറു പേരെയും പ്രതിയാക്കി പോലീസ് മറ്റൊരു കേസും എടുത്തിട്ടുണ്ട്. നോക്കുകൂലി സംഭവത്തിൽ പോലീസ് കേസൊന്നും എടുത്തിട്ടില്ല.