തൃശ്ശൂർ: സന്തോഷക്കണ്ണുകളിലെ കണ്ണീരുറവ പൊട്ടിയൊഴുകാൻ വെമ്പിനിന്നു... കണ്ടിട്ടും കണ്ടിട്ടും മതിവരാതെ അമ്മയെ നോക്കിനിന്നു മക്കൾ. ഇളയമകൻ മോഹിത് പട്ടേൽ അമ്മ ഖേജാഭായിയുടെ കൈകളിൽ പിടിച്ചു. മോഹിതിന് 12 വയസ്സുള്ളപ്പോൾ കാണാതായതാണ് അമ്മയെ. ഇപ്പോൾ 29 വർഷം കഴിഞ്ഞിരിക്കുന്നു. ഊർന്നിറങ്ങിയ കണ്ണീർ ആരും കാണാതിരിക്കാൻ തുടയ്ക്കുന്ന മകൾ ബിമല. മൂത്തമകൻ ഗജാനന്ദ് ഭിത്തിക്ക് പിന്നിലേക്ക് മാറി... ‘എന്നെ പ്രസവിച്ച അമ്മയാണിത്, ഞാനവരുടെ മൂത്തമകനാണ്...’ അപ്പോൾ മോഹിതിന്റെ മകൻ അഞ്ചാം ക്ലാസുകാരൻ മായങ്ക് ജീവിതത്തിലാദ്യമായി അമ്മൂമ്മയെ കണ്ട സന്തോഷത്തിലായിരുന്നു.

മായന്നൂർ തണൽ മാതൃസദനം ബുധനാഴ്‌ച വൈകീട്ട് ‘അമ്മത്തണൽ’ തേടിവന്ന മക്കളുടെ സന്തോഷത്താൽ നിറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശിയായ ഖേജാഭായിയെ 1990-ൽ ആണ് സ്വന്തം ഗ്രാമമായ നർദയിൽനിന്ന് കാണാതായത്. കർഷകകുടുംബത്തിലെ അംഗമായിരുന്ന ഖേജാഭായ്, മനസ്സിന്റെ താളംതെറ്റിയ ഒരുദിവസം വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോയതായിരുന്നു.

എങ്ങനെയോ തൃശ്ശൂരിലെത്തിയ ഖേജാഭായ് വാടാനപ്പള്ളിയിൽ ഭിക്ഷയാചിച്ച് നടന്നു. വാടാനപ്പള്ളിക്കാർ ഖേജയെ ‘ദീദി’ എന്ന് സ്നേഹത്തോടെ വിളിച്ചു. 2016 ഓഗസ്റ്റിൽ വയ്യാതായി കടത്തിണ്ണയിൽ കിടന്ന ദീദിയെ നാട്ടുകാരും പോലീസും ചേർന്ന് കോടതിയിൽ ഹാജരാക്കിയശേഷം തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ദീദിയുടെ ഭാണ്ഡക്കെട്ട് പരിശോധിച്ചപ്പോൾ നാട്ടുകാർ കണ്ടെത്തിയത് ഒരുലക്ഷത്തിലേറെ രൂപയായിരുന്നു. ഭിക്ഷ യാചിച്ച് കിട്ടിയ പണം..! ഇത് കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചു.

thrissur
2016-ൽ ഖേജാഭായിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാണ്ഡക്കെട്ടിൽനിന്ന്‌ ഒരുലക്ഷത്തിലേറെ രൂപ കിട്ടിയതു സംബന്ധിച്ച് മാതൃഭൂമി നൽകിയ വാർത്ത

തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ ഡോ. എസ്.വി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ‘ദീദി’ എന്ന് വിളിച്ചുകൊണ്ടുതന്നെ ഖേജയെ ചികിത്സിച്ചു. കഴിഞ്ഞവർഷം പഴയ ഓർമകൾ ദീദിയുടെ മനസ്സിലേക്കെത്തി. സ്വന്തം പേരും ഗ്രാമവും തപാൽ ഓഫീസിന്റെ പേരുമൊക്കെ പറയാൻ തുടങ്ങി. സൈക്കാട്രിക് സോഷ്യൽ വർക്കർ രാജീവ് തങ്കപ്പനും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ടി.ആർ. രേഖയും ചേർന്ന് ദീദിയുടെ ബന്ധുക്കളെ കണ്ടെത്താൻ നടത്തിയ ശ്രമം കേരള പോലീസിന്റെ സഹായത്തോടെയാണ് വിജയിച്ചത്.

അമ്മ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞ മക്കൾക്കുണ്ടായ സന്തോഷം വലുതായിരുന്നു. കേരളത്തിലാണെന്നറിഞ്ഞ രാജ്‌നന്ദഗാവ് ജില്ലാ കളക്ടർ മലയാളിയായ പോലീസ് ഉദ്യോഗസ്ഥൻ പ്രകാശൻ നമ്പ്യാരെ സഹായത്തിന് നിയോഗിച്ചു. അദ്ദേഹമാണ് ദീദിയുടെ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയുംകൊണ്ട് ചൊവ്വാഴ്‌ച തൃശ്ശൂരിലെത്തിയത്.

അസുഖമൊക്കെ അത്യാവശ്യം ഭേദമായതിനാൽ മായന്നൂർ തണൽ മാതൃസദനത്തിലേക്ക് ദീദിയെ മാറ്റിയിരുന്നു. സി.ജെ.എം. കോടതിയിൽനിന്ന്‌ അമ്മയെ വിട്ടുകിട്ടാനുള്ള കത്തുമായി മക്കൾ ബുധനാഴ്‌ച വൈകീട്ട് മായന്നൂരിലെത്തി. ദീദിയുടെ പണം വാടാനപ്പള്ളി കോടതിയിലാണ്. വ്യാഴാഴ്‌ച അത് കൈപ്പറ്റാൻ അപേക്ഷ നൽകണം.

ഓർമകളുടെ തിരയിളക്കത്തിൽ ഖേജാഭായ് മക്കളോട് പറഞ്ഞു... ‘എനിക്ക് ചാണകം വാരാനൊന്നും ഇനി വയ്യ, കൃഷിപ്പണിയെടുക്കാനും.’ -ഇതുകേട്ട് ചിരിച്ചുകൊണ്ടും പാതികരഞ്ഞുകൊണ്ടും മക്കൾ പറഞ്ഞു... ‘അമ്മ വെറുതേ ഇരുന്നാൽ മതി, എല്ലാം ഞങ്ങൾ നോക്കിക്കോളാം...’

content highlights: chhattisgarh woman in thrissur