ചെറുതുരുത്തി : ഭാരതപ്പുഴയിൽ ആരംഭിച്ച മണലെടുപ്പ് നിർത്തിവെയ്ക്കണമെന്ന് ഭാരതപ്പുഴ സംരക്ഷണത്തിനായി മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള 'ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ' സംഘടന ആവശ്യപ്പെട്ടു. പ്രളയത്തിന്റെ പേരുപറഞ്ഞ് ഇപ്പോൾ മണൽ എടുക്കുന്നത് അശാസ്ത്രീയമാണ്. ദുരന്തനിവാരണ നിയമത്തിന്റെ പേരുപറഞ്ഞ് നിയമപരമായ ഇടപെടൽപോലും ഇല്ലാതാക്കിയാണ് ഈ മണൽ എടുക്കുന്നത്. 2016-ലെ നിർദേശപ്രകാരം, ഇറിഗേഷൻ വിഭാഗത്തിന് ചളി മാത്രമാണ് നീക്കാൻ അനുവാദമുള്ളത്. എന്നാൽ, പറയത്തക്ക ചളി ഈ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയിട്ടില്ല. 2020 വേനൽക്കാലത്ത് മാത്രമാണ് ദേശമംഗലം ചങ്ങണംകുന്ന് കടവിലെ ഷട്ടറുകൾ അടച്ചത്. അവിടെ ഒരു പ്രളയസമാനമായ സാഹചര്യം ഉണ്ടായിട്ടില്ല.
ഒരു പ്രദേശത്തെ മാത്രം കണക്കിലെടുത്തുകൊണ്ട് മണലിന്റെ അളവ് തിട്ടപ്പെടുത്താൻ പാടില്ല. ജില്ലാതല കമ്മിറ്റികളുടെ പരിശോധന ഇല്ലാതെ ഒരു കാരണവശാലും മണൽ വരാൻ പാടില്ല.
നിബന്ധനകൾ പാലിക്കാതെയാണ് ഭാരതപ്പുഴയിലെ മണൽ എടുക്കുന്നതെന്നും ഇത് നിർത്തിവെയ്ക്കണമെന്നും ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഡോ. രാജൻ ചുങ്കത്ത് സെക്രട്ടറി വിനോദ് നമ്പ്യാർ, അഡ്വ. രാജേഷ് വേങ്ങാലിൽ എന്നിവർ ആവശ്യപ്പെട്ടു.