ചെന്ത്രാപ്പിന്നി: ദേശീയപാത യിൽ ചെന്ത്രാപ്പിന്നിയിലെ റോഡുപണി പൂർത്തിയായി. വടക്ക് എസ്.എൻ. വിദ്യാഭവൻ മുതൽ ചെന്ത്രാപ്പിന്നി സെന്റർ വരെയുള്ള ഭാഗമാണ് അറ്റകുറ്റപ്പണി പൂർത്തിയായി വെള്ളിയാഴ്ച തുറന്നുകൊടുക്കുന്നത്.കാലവർഷത്തിൽ റോഡുതകർന്ന് കുണ്ടും കുഴിയുമായി യാത്ര ദുഷ്‌കരമായതിനെ തുടർന്ന് ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ദേശീയപാതയിൽ കഴിഞ്ഞ മാസം 24-ന് പണിയാരംഭിക്കുന്നത്. റോഡിലെ ടാർ പൂർണമായും നീക്കി വെറ്റ് മിക്സ് മിശ്രിതം നിറച്ച് റോളർ ഉപയോഗിച്ച് റോഡ് ഉറപ്പിച്ചതിനു ശേഷം മുകളിൽ ചെറിയ മെറ്റൽ ഇട്ട് അതിനു മുകളിൽ ടൈൽസ് വിരിക്കുകയാണ് ചെയ്തിട്ടുള്ളത്. 10 മീറ്റർ വീതിയിലും 183 മീറ്റർ നീളത്തിലുമാണ് ടൈൽസ് വിരിച്ചിരിക്കുന്നത്.

പണികൾ പുരോഗമിക്കുന്നതിനിടയിൽ, ടൈൽസ് വിരിച്ച തിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ഇട്ടത് വളരെ കനം കുറച്ചാണെന്നും ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ കോൺക്രീറ്റ് തകർന്ന് റോഡ് മോശമാകാൻ സാധ്യതയുണ്ടെന്നുമുള്ള ആരോപണമുയർത്തി നാട്ടുകാർ രംഗത്തുവന്നിരുന്നു. ദേശീയപാത അധികൃതർ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇരുവശങ്ങളിലുള്ള കോൺക്രീറ്റ് പൊളിച്ചുനീക്കി പണി പുനരാരംഭിക്കുകയായിരുന്നു. പത്തുദിവസമാണ് പ്രതീക്ഷിച്ചതെങ്കിലും പതിനഞ്ച് ദിവസമെടുത്തു പണി പൂർത്തിയാക്കാൻ. ദേശീയപാതയിൽ മറ്റിടങ്ങളിൽ നേരത്തെ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നുവെങ്കിലും ചെന്ത്രാപ്പിന്നിയെ അവഗണിക്കുന്നുവെന്ന ആക്ഷേപം നിലനിന്നിരുന്നു.

റോഡിന്റെ നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തുക തികയാത്തതാണ് ഇതിനു കാരണമായി അധികൃതർ പറയുന്നത്. 39 ലക്ഷം രൂപ ചെലവഴിച്ചാണ് ദേശീയപാത പൊതുമരാമത്തു വിഭാഗം അസി.എക്സി.എൻജിനീയർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ പണികൾ പൂർത്തിയാക്കിയത് .ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടായിരുന്നു അറ്റകുറ്റപ്പണി. ചെന്ത്രാപ്പിന്നി സെന്ററിന് തെക്ക് വടക്കുഭാഗങ്ങളിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ അടുത്തയാഴ്ച തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.