ചേലക്കര: കുതിരാൻ റോഡിന്റെ ശോച്യാവസ്ഥ ചേലക്കര സംസ്ഥാനപാതയ്ക്ക് വില്ലനാകുന്നു. മണ്ണുത്തി-കുതിരാൻ റോഡിന്റെ തകരാറാണ് വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയ്ക്ക് വില്ലനാകുന്നത്. ദേശീയപാതയിലൂടെ സർവീസ് നടത്തിയിരുന്ന ചരക്കുലോറികൾ ഉൾപ്പെടെ, ചേലക്കര സംസ്ഥാനപാതയിലൂടെ കടന്നുപോകുന്നതാണ് ചേലക്കരക്കാരെ ദുരിതത്തിലാക്കിയിട്ടുള്ളത്. ഇതോടെ ചേലക്കരയിൽ ഗതാഗതക്കുരുക്കും പതിവു കാഴ്ചയാണ്.
ഇതിനുപുറമെ, റോഡു മുറിച്ച് കടക്കുന്നതും ബുദ്ധിമുട്ടാകുന്നു. റോഡിലൂടെ വാഹന-കാൽനടയാത്രപോലും ദുസ്സഹമാണ്. വലിയ ഭാരം വഹിച്ചുള്ള ലോറികളുടെ യാത്രകൾ ഇതുവഴിയായതോടെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയുമാണ്. കുപ്പിക്കഴുത്ത് പോലുള്ള പാതയിലൂടെ വലിയ വാഹനങ്ങൾ എത്തുന്നതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ഇവിടെ പതിവായിരിക്കുകയാണ്. ഇതിനിടെ ആശ്വാസമായെത്തിയത് യു.ആർ. പ്രദീപ് എം.എൽ.എ.യുടെ റോഡ് വികസന അറിയിപ്പാണ്.
പ്രളയത്തിൽ തകർന്ന റോഡുകൾ റീബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പദ്ധതി പ്രകാരം 31 റോഡുകൾ പുനരുദ്ധാരണം ചെയ്യുന്നതിന് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ഉത്തരവായിരുന്നു. ഇതിൽ 22.64 കിലോമീറ്റർ നീളം വരുന്ന ചേലക്കര സംസ്ഥാനപാതയും ഉൾപ്പെട്ടതാണ് ഏക ആശ്വാസം. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി 300 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
അടുത്തവർഷം ടെൻഡർ
2020 മെയ് മാസത്തോടുകൂടി റോഡ് നിർമ്മാണം ടെൻഡർ ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്റർ റോഡ് പുനരുദ്ധാരണം ചെയ്യുന്നതിന് ഏകദേശം 5 കോടി രൂപയാണ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രളയവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിക്ഷോഭത്തിൽ റോഡ് തകർന്നുപോകാത്ത തരത്തിലുള്ള സാങ്കേതികവിദ്യയും അന്തരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണരീതികളും സംയോജിപ്പിച്ചുകൊണ്ടാണ് റോഡ് പുനരുദ്ധാരണം ചെയ്യുക.
കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതികൂട്ടി മതിയായ ഡ്രെയിനേജ്, പാലം, ബസ് ബേ, ഫൂട്ട് പാത്ത്, ലൈറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും റോഡിൽ ഉണ്ടാകും. റോഡ് പുനരുദ്ധാരണം പൂർത്തിയായാൽ ഗുരുവായൂർ, പൊന്നാനി, കുന്നംകുളം, വടക്കാഞ്ചേരി, ഷൊർണൂർ,എടപ്പാൾ തുടങ്ങിയ ഭാഗങ്ങളിലുള്ള വാഹനങ്ങൾക്കും യാത്രക്കാർക്കും ആലത്തൂർ, വടക്കഞ്ചേരി, ചിറ്റൂർ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നീ ഭാഗങ്ങളിലേക്ക് തൃശ്ശൂർ - വടക്കഞ്ചേരി റോഡിലെ കുതിരാനിലെ കുരുക്ക് ഒഴിവാക്കി പോകാനും കഴിയും.