ചാവക്കാട്: ചൂടുകൂടിയതിനെത്തുടർന്ന് കടലാമമുട്ടകൾ പതിവിലും നേരത്തേ വിരിഞ്ഞിറങ്ങി. പഞ്ചവടി കടപ്പുറത്തെ പരിസ്ഥിതി സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റിന്റെ ഹാച്ചറിയിലെ രണ്ടു കൂടുകളിലായി സൂക്ഷിച്ച 213 കടലാമമുട്ടകളിൽ എട്ടെണ്ണമാണ് മൂന്നു ദിവസം മുമ്പേ വിരിഞ്ഞിറങ്ങിയത്. കേരള കടൽത്തീരത്ത് കടലാമമുട്ടകൾ വിരിയാൻ 45 മുതൽ 55 വരെ ദിവസമാണ് എടുക്കാറ്.
എന്നാൽ, ഇത്തവണ മൂന്നു ദിവസം മുമ്പേ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ മണൽക്കൂട്ടിൽനിന്ന് പുറത്തുവന്നതിന് കാരണം ചൂടു കൂടിയതാണെന്ന് ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എൻ.ജെ. ജെയിംസ് പറഞ്ഞു. ഇഴജീവി വർഗ്ഗത്തിൽപ്പെടുന്ന കരയാമ, പാമ്പ്, ഓന്ത്,അരണ എന്നിവയും മണലിലെ കുഴികളിലാണ് മുട്ടയിടുന്നത്.
കരയിലെ സ്ഥിരതയാർന്ന അന്തരീക്ഷച്ചൂട് ഇവയുടെ കുഞ്ഞുങ്ങളുടെ വർധനയ്ക്കും കാരണമാകാനിടയുണ്ടെന്ന് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ അഭിപ്രായപ്പെട്ടു. പഞ്ചവടി കടപ്പുറത്തെ ഹാച്ചറിയിലെ കടലാമമുട്ടകൾ കടലാമ സംരക്ഷണ ഡയറക്ടർ സലീം എടക്കഴിയൂർ, ടി.എച്ച്. ഇജാസ്, ഡോ. സുജിത് സുന്ദരം എന്നിവരുടെ നേതൃത്തിലുള്ള സംഘത്തിന്റെ നിരീക്ഷണത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.