ചാവക്കാട്: കടലോരം വൃത്തിയാക്കിയും കടലാമമുട്ടകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള കൂടുകൾ ഒരുക്കിയും കടലാമസംരക്ഷണ പ്രവർത്തകർ തീരത്ത് കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. എന്നാൽ, മുട്ടയിടാനായി കടലാമകൾ ഒന്നുപോലും ഇതുവരെ എത്താത്തതിൽ നിരാശയിലാണ് ഇവരിപ്പോൾ. സാധാരണയായി ഒക്ടോബർ അവസാനത്തോടെയാണ് കടലാമകൾ മുട്ടയിടാനായി കരയിലേക്കു കയറിവരുന്നത്. ചിലപ്പോൾ ഇത് നവംബർ ആദ്യത്തിലേക്കും നീളാറുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം മുതൽ ഈ രീതിയിൽ മാറ്റം വന്നതായി കടലാമസംരക്ഷണ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ തവണ ഡിസംബർ അവസാനവാരത്തിലാണ് ആദ്യത്തെ കടലാമ മുട്ടയിടാനെത്തിയത്.

സംസ്ഥാനത്തുതന്നെ കടലാമകൾ ഏറ്റവും കൂടുതൽ മുട്ടയിടാനെത്തുന്ന മേഖലയാണ് ചാവക്കാട് മുതൽ അണ്ടത്തോട് വരെയുള്ള മേഖല. കഴിഞ്ഞ തവണ 60-നടുത്ത് കടലാമകളാണ് മേഖലയിൽ മുട്ടയിടാനെത്തിയത്. 1,500-ഓളം മുട്ടകളിട്ടതിൽ 1,000-ത്തിനോട് അടുത്ത് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി കടലിലേക്ക് മടങ്ങി.

മേഖലയിലെ ഏഴ് കടലാമസംരക്ഷണ സംഘടനകളാണ് വനംവകുപ്പിന്റെ സഹകരണത്തോടെ കടലാമമുട്ടകൾ സുരക്ഷിതമായ സ്ഥാനത്തേക്കു നീക്കി കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്നത്.

കാരണങ്ങൾ രണ്ട്

അറബിക്കടലിലെ നീരൊഴുക്കിന്റെ ദിശ മാറിയതും കടൽ ചൂടുപിടിച്ചുകിടക്കുന്നതുമാണ് കടലാമകൾ തീരമണയാൻ വൈകുന്നതിന് കാരണം.

കടലിന്റെ വലിവ് (നീരൊഴുക്ക്) ഇപ്പോൾ കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ്. ഇത് കടലാമകൾക്ക് അവയുടെ ആവാസകേന്ദ്രമായ ലക്ഷദ്വീപ്, ശ്രീലങ്കൻ ഉൾക്കടൽ എന്നീ മേഖലകളിൽനിന്ന് കേരളതീരത്തേക്ക് നീന്തിക്കയറിവരുന്നതിന് തടസ്സമുണ്ടാക്കുന്നു

പടിഞ്ഞാറുനിന്നും കിഴക്കോട്ട് നീരൊഴുക്ക് ഉണ്ടാകുമ്പോഴാണ് ഈ ഒഴുക്കിനൊത്ത് കടലാമകൾ വ്യാപകമായി കേരളതീരത്തേക്ക് മുട്ടയിടാനെത്തുന്നത്. ഈ സ്ഥിതി നിലവിൽ കടലിൽ ഇല്ല.

എൻ.ജെ. ജെയിംസ്

എക്സിക്യൂട്ടീവ് ഡയറക്ടർ, ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ്