ചാവക്കാട്: മണത്തല നേർച്ചയുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ നടന്ന കാഴ്ചവരവിനിടെ ആന ഇടഞ്ഞു. ആന വിരണ്ടതിനെത്തുടർന്ന് ചിതറിയോടുന്നതിനിടെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. വൈകീട്ട് അഞ്ചോടെ മടേക്കടവിലാണ് സംഭവം.

ഇരുവശത്തുനിന്നുമായി വന്ന രണ്ട്‌ കാഴ്ചകളിലെ ആനകൾ കൊമ്പുകോർത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബ്ലാങ്ങാട് ബീച്ച് കൂട്ടായ്മയുടെ പുത്തൂർ ദേവീനന്ദൻ എന്ന ആന, എതിർഭാഗത്തുനിന്നു വന്ന ബ്ലാങ്ങാട് ബീച്ച് മിറാക്കിൾസിന്റെ കാഴ്ചയ്ക്ക്‌ കൊണ്ടുവന്ന കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയെ കുത്തിവീഴ്‌ത്തി.

ആനകളുടെ തുമ്പിക്കൈയിൽ ഉണ്ടായിരുന്ന പട്ടകൾ കൂട്ടിമുട്ടിയതാണ് ദേവീനന്ദൻ എന്ന ആനയെ പ്രകോപിതനാക്കിയതെന്ന് പറയുന്നു. ഇതോടെ മറ്റ് രണ്ട് ആനകൾ പരിഭ്രാന്തിയിലായി. കുത്തേറ്റ ആനയെയും മറ്റ് രണ്ട് ആനകളെയും ഉടനെ സ്ഥലത്തുനിന്ന് മാറ്റി. എന്നാൽ, ദേവീനന്ദൻ ഇടഞ്ഞോടി. ഈ ആന ഇടഞ്ഞോടുന്നതിനിടെ ചിതറിയോടുമ്പോഴാണ് ആളുകൾക്ക് പരിക്കേറ്റത്. ഓട്ടത്തിനിടെ മൂന്ന് മതിലുകൾ ആന തകർത്തു. ചിതറിയോടുന്നതിനിടെ പരിക്കേറ്റ ഇരട്ടപ്പുഴ ആലുങ്ങൽ മോനിഷ (28), മോനിഷയുടെ ബന്ധു കൊയിലാണ്ടി ബിനീഷിന്റെ മകൻ അലൻ (അഞ്ച്‌), പന്നിത്തടം വടക്കേത്തയിൽ മുഹമ്മദിന്റെ മകൾ ഹസ്‌ന (12) എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബ്ലാങ്ങാട് ചാലിൽ മജീദിന്റെ ഭാര്യ ഫാത്തിമ (60), ഇരട്ടപ്പുഴ അണ്ടത്തോട് പരീതിന്റെ ഭാര്യ ലുബിന (32), അഞ്ചങ്ങാടി പണിക്കവീട്ടിൽ ഹുസൈന്റെ മക്കളായ നസീം (11), ഹംദാൻ (18), ഇരട്ടപ്പുഴ മമ്മസ്രായില്ലത്ത് ഷറഫുദ്ദീന്റെ മകൻ ഷെബീബ് (എട്ട്‌), ആനപ്പുറത്തുണ്ടായിരുന്ന മടേക്കടവ് കൊച്ചംകളം പ്രേമന്റെ മകൻ ശ്രീജിത്ത് (18), സുഹറാബി (38), ഷഹർബാൻ (34), ഷെമീം (എട്ട്‌), അലി (28) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.

ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഇവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുവശവും മതിലുകളോടുകൂടിയ പറമ്പിലേക്ക് ആനയെ കയറ്റി ഗേറ്റ് അടച്ചതോടെ പരിഭ്രാന്തിക്ക് ശമനമായി. എന്നാൽ, ഒന്നരമണിക്കൂറിന് ശേഷമാണ് പറമ്പിൽ കയറിയ ദേവീനന്ദനെ കൂച്ചുവിലങ്ങിട്ട് വരുതിയിലാക്കിയത്. പഴമെറിഞ്ഞുകൊടുത്ത് ആനയെ ചങ്ങലയ്ക്കിടാനുള്ള ശ്രമം ഫലം കാണാതിരുന്നതിനെത്തുടർന്ന് ആന സ്‌ക്വാഡ് അംഗങ്ങളെത്തിയാണ് കൂച്ചുവിലങ്ങിട്ടത്.