ചാവക്കാട്: ഇരട്ടപ്പുഴ കോളനിപ്പടിക്കു സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതിക്കാലിലിടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. മണ്ണുത്തി കവലക്കാട് വീട്ടിൽ ആന്റണി (29), ബന്ധു ഗുരുവായൂർ മാവിൻചുവട് സ്വദേശിനി ലീല (48) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.

മണ്ണുത്തിയിൽനിന്ന്‌ വാടാനപ്പള്ളി വഴി ഗുരുവായൂരിലേക്കു കാറിൽ വരുകയായിരുന്നു ഇവർ.

ദേശീയപാതയിൽ ഒരുമനയൂർ പാലംകടവിൽ റോഡ് പണി നടക്കുന്നതിനാലാണ് കടപ്പുറം വഴി ഇവർ യാത്ര ചെയ്തത്. മറിഞ്ഞ കാറിനുള്ളിൽ അകപ്പെട്ട ഇരുവരെയും നാട്ടുകാരാണ് പുറത്തെടുത്തത്. ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഇവരെ ആശുപത്രിയിൽ എത്തിച്ചു.

കാറിടിച്ചതിനെ തുടർന്ന് ഒടിഞ്ഞ വൈദ്യുതി കാലിന്റെ കോൺക്രീറ്റ് ഇളകിയ നിലയിലാണ്. വൈദ്യുതി ബോർഡ് ജീവനക്കാരും ചാവക്കാട് പോലീസും സ്ഥലത്തെത്തി.