ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തുലാഭാരകൗണ്ടറിൽനിന്ന് കശുവണ്ടി മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൂനംമൂച്ചി കണ്ടമ്പുള്ളി വീട്ടിൽ പ്രമോദിനെ(46)യാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്.

തുലാഭാരത്തിന്റെ കരാറുകാരനും കേസിലെ പ്രധാന പ്രതിയുമായ മമ്മിയൂർ ഒല്ലേക്കാട്ട് മനോജിന്റെ സഹായിയാണ് പ്രമോദ്. മനോജ് ഒളിവിലാണ്. കേസിൽപ്പെട്ടതിനെത്തുടർന്ന് രണ്ടുപേരും ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 29-നായിരുന്നു തുലാഭാരകൗണ്ടറിൽനിന്ന് പത്തുകിലോ മേൽത്തരം കശുവണ്ടി മോഷണം പോയത്. സംഭവത്തെത്തുടർന്ന് മനോജിനെ തുലാഭാരം കരാറിൽനിന്ന് ദേവസ്വം മാറ്റുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ പ്രമോദിനെ ചാവക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.