തൃശ്ശൂർ: സമ്പത്തോ വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമില്ലാതിരുന്നിട്ടും സഹനത്തിലൂടെയും സേവനത്തിലൂടെയും സമൂഹത്തിനു പുതുവെളിച്ചം പകർന്ന അമ്മ. പ്രാർഥനകളുടെ പൂർത്തീകരണം പ്രവൃത്തിയിലാണെന്നു സ്വജീവിതംകൊണ്ടു പ്രഘോഷിച്ച മറിയം േത്രസ്യ ഞായറാഴ്ച പുണ്യപദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ നിസ്വാർഥ സേവനം ചെയ്യുന്നവർക്കത് പ്രചോദനമാകുമെന്നു തീർച്ച.

മറിയം േത്രസ്യയുടെ ജന്മംകൊണ്ടും കർമംകൊണ്ടും വിശുദ്ധിയുടെ ഭൂപടത്തിൽ ഇടംനേടിയ കുഴിക്കാട്ടുശ്ശേരിയും ആത്മീയനിറവിലാണ്. പള്ളിയിൽ ഞായറാഴ്ച പ്രത്യേക പ്രാർഥനകൾ നടക്കും. കുർബാനയ്ക്കും പ്രാർഥനകൾക്കും മുൻ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് മാർ ജോർജ് പാനികുളം നേതൃത്വം നൽകും. വിശുദ്ധപദവിയുടെ പ്രതീകമായി മറിയം ത്രേസ്യയുടെ രൂപത്തിൽ കിരീടം ചാർത്തും.

സഭാ മേലധ്യക്ഷരും വൈദികരും സന്ന്യസ്തരും മറിയം ത്രേസ്യയുടെ ബന്ധുക്കളും പൊതുപ്രവർത്തകരുമടങ്ങുന്ന വലിയ സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടു നടന്ന ജാഗരാനുഷ്ഠാന പ്രാർഥനയിൽ ഇവർ പങ്കെടുത്തു.

ഞായറാഴ്ച ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധപദവി പ്രഖ്യാപനത്തിനുശേഷം തിങ്കളാഴ്ച റോമിലെ വിശുദ്ധ അനസ്താസിയയുടെ ബസലിക്കയിൽ നടക്കുന്ന കൃതജ്ഞതാ ബലിയിലും ഇവർ പങ്കെടുക്കും. സിറോമലബാർ സഭ മേലധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തുന്ന ദിവ്യബലിയിലും പ്രാർഥനകളിലും സഭാപിതാക്കൻമാരും വൈദികരും സഹകാർമികരാകും.

ഭാരത കത്തോലിക്ക മെത്രാൻസമിതി തലവനും മുംബൈ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് സന്ദേശം നൽകും. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവും വത്തിക്കാനിലുണ്ട്.

വത്തിക്കാൻ പ്രാർഥനാനിർഭരം

ഞായറാഴ്ച രാവിലെ 10-ന്‌ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടക്കുന്ന ദിവ്യബലിയിൽ മറിയം േത്രസ്യക്കൊപ്പം മറ്റുരാജ്യങ്ങളിൽനിന്നുള്ള നാലുപേരെക്കൂടി ഫ്രാൻസിസ് പാപ്പ വിശുദ്ധപദവിയിലേക്കുയർത്തും. വാഴ്ത്തപ്പെട്ടവരായ ജോൺ ഹെൻട്രി ന്യൂമാൻ, ജുസപ്പീന വനീനി, ദൾച്ചെ ലോപ്പസ് പോന്റസ്, മർഗരീത്ത ബേയ്‌സ് എന്നിവരാണവർ.

പ്രഖ്യാപനത്തിന്റെ മുന്നോടിയായി സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടന്നു. റോമിലെ നാലു ബസലിക്കകളിലൊന്നായ സാന്താ മരിയ മജോരയിലെ പ്രത്യേക പ്രാർഥനയ്ക്ക് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രസിഡന്റ് കർദിനാൾ ജിയോവാനി ആഞ്ജലോ ബേച്ചു, തൃശ്ശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ നേതൃത്വം നൽകി.

സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, സി.ബി.സി.ഐ. പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർക്കൊപ്പം സിറോ മലബാർ സഭയിലെ 44 പിതാക്കന്മാർ പ്രത്യേക പ്രാർഥനാ യജ്ഞത്തിൽ പങ്കെടുത്തു.

ഹോളി ഫാമിലി സന്ന്യാസിനീസമൂഹ വികാർ ജനറാൾ സിസ്റ്റർ പുഷ്പ, ജനറൽ കൗൺസിലർ സിസ്റ്റർ മാരിസ് സ്റ്റെല്ല എന്നിവർ മറിയം ത്രേസ്യയുടെ രൂപത്തിനുമുമ്പിൽ പ്രത്യേക സമർപ്പണം നടത്തി.

കർദ‌ിനാൾ ജിയോവാനി ആഞ്ജലോയാ ജാഗരണ പ്രാർഥനയിൽ വചനവ്യാഖ്യാനം നടത്തി. സിഞ്ഞോറ അഡ്രിയാന, മദർ പ്രസന്ന തട്ടിൽ, സിസ്റ്റർ രഞ്ജന, മിസ്സിസ് മർഗരേത്ത റിട്ടർ, സിസ്റ്റർ ഒലിവെ ജെയിൻ എന്നിവർ കാറോസൂസകൾ വായിച്ചു.

ഫാ. സനൽ മാളിയേക്കൽ, ഫാ. പോൾ റോബിൻ തെക്കേത്ത് എന്നിവർ തിരുക്കർമങ്ങൾക്ക് പൊതുവായ നിർദേശങ്ങൾ നൽകി. പ്രാർഥനകൾക്കുമുമ്പായി ഡോ. ക്ലെമന്റ് ചിറയത്ത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ലഘുജീവചരിത്രം വായിച്ചു.