കുഴിക്കാട്ടുശ്ശേരി (മാള): ദശാബ്ദങ്ങളായി കാത്തിരുന്ന പുണ്യനിമിഷങ്ങൾക്ക് സാക്ഷികളാകാൻ ആയിരക്കണക്കിന് വിശ്വാസികൾ മറിയം ത്രേസ്യയുടെ കുഴിക്കാട്ടുശ്ശേരിയിലെ കബറിടദേവാലയത്തിലേക്ക് ഒഴുകിയെത്തി. ദൂരെ നാടുകളിൽനിന്നുപോലും തീർത്ഥാടകർ എത്തിയിരുന്നു.

സാധാരണക്കാരിയായി ജനിച്ച്‌ കർത്താവിനായി സ്വയം ശൂന്യവത്കരിച്ച മറിയംത്രേസ്യ, ദൈവത്തിന്റെ നിവേദ്യമായി മാറിയെന്ന് വിശുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന ദിവ്യബലി സമർപ്പണത്തിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് പാനികുളം പറഞ്ഞു.

വിശ്വാസികൾക്കും സഭാംഗങ്ങൾക്കും മാതൃകയാണ് മറിയം ത്രേസ്യയുടെ പ്രവർത്തനം.

ജാതി-വർഗ ഭേദമില്ലാതെ നിസ്സഹായരേയും രോഗികളേയും മരണാസന്നരേയും പരിചരിച്ചായിരുന്നു ഇവർ കർത്താവിന്റെ മണവാട്ടിയായത്.

ഭിന്നിച്ചിരുന്ന കുടുംബബന്ധങ്ങളെ ഒന്നാക്കിമാറ്റാനായിരുന്നു അവരുടെ ശ്രമം. ശിഥിലമായ കുടുംബങ്ങളെ കൈകൊടുത്ത് കയറ്റുന്ന കുടുംബപ്രേഷിതത്വമായിരുന്നു മറിയംത്രേസ്യയുടെ കർമമണ്ഡലം. തെറ്റുകളിലേക്ക് ചലിക്കുന്നവർക്ക് അനുകരണീയമാണ് അമ്മ പഠിപ്പിച്ച ജീവിതരീതി. സഭയിൽ തെറ്റുചെയ്യുന്നവരുണ്ട്. തെറ്റുചെയ്തവരെ അഭിനന്ദിക്കുകയല്ല മറിച്ച് തെറ്റ് സ്വയം തിരുത്തുകയാണ് വേണ്ടതെന്നും ബിഷപ്പ് പറഞ്ഞു.

വിശുദ്ധപ്രഖ്യാപനം കാണാനെത്തിയത് ആയിരങ്ങൾ

കുഴിക്കാട്ടുശ്ശേരി: മറിയംത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വത്തിക്കാനിലെ ചടങ്ങ് വീക്ഷിക്കാൻ വൻജനാവലിയെത്തി. സെന്റിനറി ഹാളിലാണ് റോമിൽനിന്നുള്ള തത്സമയപ്രക്ഷേപണം കാണുന്നതിന് വലിയ സ്‌ക്രീൻ ഒരുക്കിയിരുന്നത്. ഹോളിഫാമിലി സന്ന്യാസിനി സമൂഹത്തിലെ നൂറുകണക്കിന് സന്നാസിനിമാരും ജന്മനാടായ പുത്തൻചിറയിലെ നാട്ടുകാരും വിശ്വാസികളുമായി ഒന്നരയോടെ ഹാൾ തിങ്ങിനിറഞ്ഞു.

മാർപാപ്പയുടെ പ്രഖ്യാപനം ആനന്ദാശ്രുക്കളോടെയും കരഘോഷങ്ങളോടെയുമാണ് വരവേറ്റത്. സന്തോഷസൂചകമായി പടക്കം പൊട്ടിക്കുകയും ചെയ്തു.

content highlights: canonisation of mariam thresia