ചേർപ്പ്: രണ്ട് കാലുകളിലും മുടന്തുമായാണ് അമ്മാടം പെല്ലിശ്ശേരി മാത്യു ജനിച്ചത്. ഏഴ് വയസ്സുവരെ ഇഴഞ്ഞും 15 വയസ്സുവരെ വളഞ്ഞ പാദങ്ങളിൽ ക്ലേശിച്ചുമായിരുന്നു സഞ്ചാരം.

15-ാം വയസ്സിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ അത്ഭുതമെന്ന് മാത്യു പറഞ്ഞു. ‘‘മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം അപേക്ഷിച്ച് 41 ദിവസം പ്രാർഥനയും ഉപവാസവും നോമ്പും നടത്തി. മുപ്പത്തിമൂന്നാം ദിവസം പുലർച്ചെ തന്റെ വലതുകാലിൽ തലോടി മകനെ നിന്റെ കാൽ സുഖപ്പെട്ടു എന്ന് മറിയം ത്രേസ്യ പറയുന്നതായി ദർശനം ലഭിച്ചു. എണീറ്റ് നോക്കിയപ്പോൾ വലതു കാൽ സുഖം പ്രാപിച്ചിരിക്കുന്നു. പൂർണ ആരോഗ്യത്തോടെ നടക്കാനായി.

ഏഴിലേക്ക് ജയിച്ച സമയത്താണ് ഇടതു കാൽ ശരിയായത്; അതും 41 ദിവസത്തെ പ്രാർഥനയിൽ. അമ്മ മറിയത്തിനാണ് ദർശനം ലഭിച്ചത്. ചുമലിൽ തട്ടി വിളിച്ച് മകന്റെ കാൽ സുഖപ്പെട്ടുവെന്ന് മറിയം ത്രേസ്യ പറഞ്ഞപ്പോൾ അമ്മ അടുത്തു വന്ന് നോക്കി. അപ്പോഴാണ് കാൽ സുഖപ്പെട്ടവിവരം ഞാനറിഞ്ഞത്. അന്നുമുതൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എനിക്ക് നടക്കാൻ കഴിയുന്നു. ആമ്പല്ലൂർ, ഒല്ലൂർ എന്നിവിടങ്ങളിൽ വാഹനങ്ങളുടെ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു.’’- മാത്യു പറഞ്ഞു.

ഇൗ അത്ഭുത സുഖപ്രാപ്തിയാണ് മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാൻ പരിഗണിച്ചത്. 2000 ഏപ്രിൽ ഒമ്പതിന് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസ്‌ലിക്കയിൽ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിച്ച ചടങ്ങിൽ പങ്കെടുക്കുവാനും മാത്യുവിന് ഭാഗ്യമുണ്ടായി. മാർപ്പാപ്പയിൽനിന്ന് അതിന്റെ സാക്ഷ്യപത്രവും ലഭിച്ചു.

മറിയം ത്രേസ്യ അന്ത്യവിശ്രമം കൊള്ളുന്ന കുഴിക്കാട്ടുശ്ശേരിയിലെ കബറിട തീർഥകേന്ദ്രത്തിലായിരുന്നു 2016 വരെ മാത്യുവിന്റെ ജീവിതം. അവിടെയെത്തുന്ന ഭക്തർക്ക് തന്റെ അനുഭവം പങ്കുവെച്ചും ഗൈഡായും പ്രാർഥിച്ചും കഴിഞ്ഞു.

ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മാത്യുവിന്റെ സഹോദരിയും ആഫ്രിക്കയിൽ കന്യാസ്ത്രീയുമായ ജിഷ പെല്ലിശ്ശേരി പങ്കെടുക്കും. മാത്യു ഇപ്പോൾ അമ്മാടത്തെ വീട്ടിൽ ഭാര്യ റോസിക്കൊപ്പം കഴിയുന്നു. സെബാസ്റ്റ്യൻ, രാമനാഥപുരം രൂപതയിലെ ബ്രദർ പോൾ എന്നിവരാണ് മക്കൾ.