വാടാനപ്പള്ളി: ഇറങ്ങുന്നതിനിടയിൽ മുന്നോട്ടെടുത്ത ബസിൽനിന്നു വീണ് യുവതിക്ക് ഗുരുതര പരിക്ക്. നടുവിൽക്കര കുഞ്ഞാത്തൻ വീട്ടിൽ വിനയന്റെ മകൾ അനുപ്രിയ (23)ക്കാണ് പരിക്കേറ്റത്.

ഇവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. തൃപ്രയാറിൽനിന്ന് കിരൺ എന്ന സ്വകാര്യ ബസിൽ വന്നിരുന്ന യുവതി നടുവിൽക്കര സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടയിൽ പെട്ടെന്ന് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ യുവതി തലയടിച്ച് റോഡിൽ വീണു. തലനാരിഴയ്ക്കാണ് ചക്രത്തിനടിയിൽ കുടുങ്ങാതെ രക്ഷപ്പെട്ടത്. തലയിലും കാലിലും പരിക്കുണ്ട്.

യുവതി വീഴുന്നത് കണ്ടിട്ടും നിർത്താതെ പോയ ബസ് ബൈക്കിൽ പിന്തുടർന്ന യുവാക്കൾ കണ്ടശ്ശാംകടവിൽ വെച്ച് തടഞ്ഞു.

കണ്ടക്ടറെ പിടികൂടി അപകടസ്ഥലത്തേക്ക് കൊണ്ടുവന്നെങ്കിലും ബസ് യാത്ര തുടർന്നു. തൃപ്രയാർ ആക്ട്സിന്റെ ആംബുലൻസിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

ഒന്നരമാസം മുമ്പ് കണ്ടശ്ശാംകടവ് പാലത്തിൽ വെച്ച് ബസുകളുടെ മരണപ്പാച്ചിലിൽ കിരൺ ഗ്രൂപ്പിന്റെ ബസിനും പാലത്തിന്റെ കൈവരിക്കുമിടയിൽ കുടുങ്ങി നടുവിൽക്കര സ്വദേശിനി ഗീത എന്ന യുവതിയുടെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു.