നെടുമ്പാശ്ശേരി: വിദേശത്തേക്ക്‌ പോകുന്നതിനായി കുടുംബാംഗങ്ങളോടൊപ്പം വിമാനത്താവളത്തിലെത്തിയ കാമുകിയെ യാത്രയാക്കാൻ പർദയണിയവെ യുവാവ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. തൃശ്ശൂർ സ്വദേശിയായ യുവാവാണ് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.

കാമുകിയുടെ വീട്ടുകാരുടെ കണ്ണിൽ പെടാതിരിക്കാൻ നടത്തിയ ഉദ്യമം യുവാവിന് പൊല്ലാപ്പായി മാറി. തൃശ്ശൂർ സ്വദേശിനി 23-കാരിയെ യാത്രയാക്കാനാണ് യുവാവ് വിമാനത്താവളത്തിലെത്തിയത്. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതാണ് യുവതി. യാത്രയാക്കാൻ യുവതിയുടെ രക്ഷിതാക്കളും ബന്ധുക്കളും എത്തിയിരുന്നു.

കാമുകിയെ യാത്രയാക്കാൻ രഹസ്യമായി വിമാനത്താവളത്തിലെത്തിയ യുവാവ്്് കാർ പാർക്കിങ് ഏരിയയിൽനിന്ന് പർദയണിയുന്നത് സമീപമുണ്ടായിരുന്ന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ വിവരം സി.ഐ.എസ്.എഫിന് കൈമാറി. കാറിൽനിന്ന്‌ പർദയണിഞ്ഞ് പുറത്തിറങ്ങിയതോടെ സി.ഐ.എസ്.എഫ്. എത്തി യുവാവിനെ കൈയോടെ പിടികൂടി.

തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് യുവാവിന്റെ ഉദ്ദേശ്യം മനസ്സിലായത്. പെൺകുട്ടിയുടെ വീട്ടുകാരെ കണ്ടെത്തി വിവരം തിരക്കിയപ്പോൾ യുവാവ് പറഞ്ഞത് ശരിയാണെന്ന് ബോധ്യമായി. എന്നാൽ, ഇയാൾക്കെതിരേ പരാതി നൽകാൻ യുവതിയുടെ വീട്ടുകാർ തയ്യാറായില്ല. അതിനാൽ യുവാവിനെ പോലീസിന് കൈമാറിയില്ല. കേസെടുത്തുമില്ല. ആൾമാറാട്ടം നടത്താൻ ശ്രമിച്ചതിന് യുവാവിനെ താക്കീത് നൽകി വിട്ടയച്ചു.