ഗുരുവായൂർ : മാവോവാദി പ്രവർത്തക താമസിക്കുന്നുണ്ടെന്ന സന്ദേശത്തിനു പിന്നാലെ ഗുരുവായൂരിൽ ബോംബ് ഭീഷണിയും. ക്ഷേത്രത്തിൽ ബോംബ് വെയ്ക്കുമെന്നായിരുന്നു സന്ദേശമെത്തിയത്.വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് ക്ഷേത്രത്തിലേക്ക് 103 എക്സ്റ്റൻഷൻ നമ്പറിലേക്കാണ് വിളി വന്നത്. ക്ഷേത്രം സെക്യൂരിറ്റി ഓഫീസറെ അന്വേഷിച്ച് ഇന്റർനെറ്റ് കോളായിരുന്നു വന്നതെന്ന് അധികൃതർ പറഞ്ഞു.

ജീവനക്കാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. പത്തോടെ ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫീസിലും പരിശോധന നടത്തി. രാത്രി മുഴുവൻ പോലീസും ബോംബ് സ്ക്വാഡും പരിശോധന തുടർന്നു. ക്ഷേത്രപരിസരത്ത് കാവലും ഏർപ്പെടുത്തി. ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി വെള്ളിയാഴ്ച ടെമ്പിൾ സ്റ്റേഷനിൽ പരാതി നൽകി

.വെള്ളിയാഴ്ച രാവിലെ മുതൽ ദർശനത്തിനെത്തിയ എല്ലാ ഭക്തരരെയും പ്രത്യേക പരിശോധനയ്ക്കുശേഷമാണ് ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്. ബോംബ് സ്ക്വാഡിന്റെ പരിശോധനയും ഊർജിതമാക്കി. ലോഡ്ജുകളും ക്ഷേത്രപരിസരത്തെ ഫ്ളാറ്റുകളും പോലീസ് അരിച്ചുപെറുക്കി.

ഗുരുവായൂർ ക്ഷേത്രത്തിനു നേരെ ബോംബ് ഭീഷണി ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും പോലീസ് ഇത് ഗൗരവമായാണ് കാണുന്നതെന്ന് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിജു ഭാസ്കർ പറഞ്ഞു. അതേസമയം മാവോവാദി ഗുരുവായൂരിൽ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന സന്ദേശം ഗൗരവമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് മാവോവാദിയുണ്ടെന്ന സന്ദേശം പോലീസിന് ലഭിച്ചത്.

പാലക്കാട് കുഴൽമന്ദം സ്വദേശിനിയായ സുജാത എന്ന മാവോവാദി ഗുരുവായൂരിലെത്തിയെന്നാണ് പോലീസിന്റെ കൺട്രോൾ റൂമിലേക്ക് സന്ദേശം ലഭിച്ചത്.

അപ്പോൾത്തന്നെ പോലീസിന്റെ ഫോൺശൃംഖലവഴി വിവരങ്ങൾ കൈമാറുകയും സുരക്ഷ ഏർപ്പെടുത്തുകയുമായിരുന്നു.