‌ചാലക്കുടി : സഹനത്തെ സന്തോഷത്തോടുകൂടി സ്വീകരിക്കണമെന്നും വേദന തോന്നുമ്പോഴാണ് ദൈവസ്നേഹത്തിന്റെ അനുഭവമുണ്ടാവുകയെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കോടതിവിധി വന്നശേഷം പ്രാർഥനയ്ക്കായി ചാലക്കുടി ഫൊറോന പള്ളിയിൽ എത്തിയതായിരുന്നു ഫ്രാങ്കോ. എതിർകക്ഷി അപ്പീൽ പോകുന്നെങ്കിൽ പോകട്ടെയെന്നും ബിഷപ്പ് പറഞ്ഞു.

ചാലക്കുടിയിൽ വെള്ളിയാഴ്ച രാത്രി 8.20-നാണ് ബിഷപ്പ് എത്തിയത്. വികാരി ഫാ. ജോസ് പാലാട്ടി, ഫാ. ജീസൺ കാട്ടൂക്കാരൻ, ഫാ. സിബിൻ വാഴപ്പിള്ളി, പള്ളി പ്രതിനിധിയോഗം സെക്രട്ടറി അഡ്വ. സുനിൽ ജോസ് തുടങ്ങിയവർ ബിഷപ്പിനെ സ്വീകരിച്ചു.

ഈ സമയം പള്ളിക്കുപുറത്ത് ഒരുകൂട്ടം വിശ്വാസികൾ പ്രതിഷേധവുമായെത്തിയിരുന്നു.

ഇവർ ബഹളംവെയ്ക്കുകയും ബിഷപ്പിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.