തൃശ്ശൂർ: പേമാരിയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ കുടുംബത്തെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചതാണ് ബിനോജ്. പേമാരി തുടരുകയാണെന്ന് മനസ്സിലാക്കിയപ്പോൾ സുരക്ഷിതസ്ഥാനമായി മനസ്സിലെത്തിയത് കുന്നിൻപുറത്തുള്ള ഭാര്യവീടാണ്. അങ്ങനെയാണ് പീച്ചി കണ്ണാറയിൽനിന്ന് ഭാര്യ സൗമ്യയെയും മൂന്ന് മക്കളെയും വടക്കാഞ്ചേരിക്കടുത്ത കുറാഞ്ചേരിയിലെ വീട്ടിലെത്തിച്ചത്.
കണ്ണാറ കമ്പനിപ്പടിയിൽ ആറുവർഷംമുമ്പ് വാങ്ങിയ വീടിനോടു ചേർന്ന് കൃഷിയുണ്ട്. അവിടെയും വെള്ളം കയറി. അവിടെപ്പോയി നോക്കി തിരികെ വരാമെന്നു പറഞ്ഞ് കുറാഞ്ചേരിയിൽനിന്ന് പുറപ്പെട്ടതാണ് ബിനോജ്.
വീട്ടിെലത്തി അവിടെ വെള്ളം കയറിക്കൊണ്ടിരിക്കുന്നത് കണ്ട് തിരികെ കുറാഞ്ചേരിക്ക് പുറപ്പെടാനൊരുങ്ങിയതാണ്. എന്നാൽ, തൃശ്ശൂർ നഗരത്തിൽ വെള്ളം പൊങ്ങിയതിനാൽ പോകാനായില്ല. പട്ടിക്കാടുള്ള ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ബിനോജിനെ തേടി പിറ്റേന്നെത്തിയത് ഭാര്യയും മക്കളും കുടുംബവും തങ്ങിയിരുന്ന വീട് ഉരുൾപൊട്ടലിൽ ഒലിച്ചുപോയെന്ന വാർത്തയാണ്.
ഭാര്യ സൗമ്യ (30), മക്കളായ മെറിൻ (10), മിലൻ (ഏഴ്) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലത്തുണ്ടായിരുന്ന ബിനോജിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.
ഭാര്യയുടെ അച്ഛൻ മത്തായി അപകടത്തിൽ മരിച്ചെങ്കിലും ബിനോജിന്റെ മകൻ മെൽവിനെ (എട്ട്) രക്ഷിച്ചശേഷമാണ് മത്തായി മരിച്ചത്. ഉരുൾപൊട്ടി വരുന്ന ശബ്ദം കേട്ട മത്തായി അപകടം മണത്തറിഞ്ഞ് ഒപ്പമുണ്ടായിരുന്ന മെൽവിനെ അകലേയ്ക്ക് തള്ളിവിടുകയായിരുന്നു. തെറിച്ചുനീങ്ങിയ മെൽവിൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ വീട്ടിലെത്തിക്കാൻപോലുമാകാത്ത സ്ഥിതിയിൽ വെള്ളം കയറിയിരിക്കുകയാണ്.