വടക്കാഞ്ചേരി: ഭാരതപ്പുഴയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ നിളാ വിജ്ഞാനകേന്ദ്രം തുടങ്ങുന്നതിനുള്ള നടപടി പൂർത്തീകരിച്ചു.

ലോക നദീ ദിനമായ സെപ്റ്റംബർ 27-ന് ഭൗമശാസ്ത്രമന്ത്രാലയം ഇതിന്റെ പ്രഖ്യാപനം നടത്തും. ഭാരതപ്പുഴയുടെ വൈജ്ഞാനിക ചരിത്രവും സംസ്‌കൃതിയും ഇണക്കി ജനകീയ പങ്കാളിത്തത്തോടെ ശാസ്ത്രീയ പുനരുജ്ജീവന പദ്ധതി തയ്യാറാക്കുകയാണ് നിളാ വിജ്ഞാനകേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ സഹകരണത്തോടെ സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കുന്ന നിളാ വിചാരവേദിയും കൈകോർത്താണ് നടപ്പാക്കുന്നത്.

കേന്ദ്രസർക്കാർ ആദ്യഘട്ടമായി പദ്ധതിക്ക്‌ മൂന്നുവർഷക്കാലം സാമ്പത്തികസഹായം നൽകും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിക്ക്‌ രൂപം നൽകാൻ നിളാ വിചാരവേദിയുടെ പഠന ഗവേഷണ കേന്ദ്രം നേരത്തെ നൽകിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജലവിഭവവകുപ്പ്, ജലവിഭവ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിളാ വിജ്ഞാന കേന്ദ്രത്തിന് സർക്കാർ അനുമതിയായത്.

ഡോ. എ.ആർ.ആർ. മേനോന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പദ്ധതി നടപ്പാക്കുക. നിളാ തീരത്ത് വിജ്ഞാന കേന്ദ്രത്തിനായി ഷൊർണൂരിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായി 2008-ലാണ് ഭാരതപ്പുഴ നദീതട ആസൂത്രണം-പ്രശ്‌നങ്ങളും സാദ്ധ്യതകളും, നദീതടത്തിലെ നിർണായക പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച് കിലയിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ആദ്യമായി വിചിന്തനം നടന്നത്.

പ്രഖ്യാപനം ഞായറാഴ്ച

നിളാതീരത്തെ സാഹിത്യം, കലാവിഷ്‌കാരങ്ങൾ, പ്രാചീന ഉപകരണങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന നിളാ മ്യൂസിയം, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപയോഗപ്പെടുത്താവുന്ന അത്യാധുനിക റഫറൻസ് കേന്ദ്രം, നിളാ പഠന ഗവേഷണ സംവിധാനം, നിളാ തീരത്തെ 175 പഞ്ചായത്തുകളിലും എട്ട് നഗരസഭകളിലും ലഭ്യമായ പ്രാദേശിക അറിവുകളുടെ വിഭവസമാഹരണ കേന്ദ്രീകൃത സംവിധാനമായ നിളാ പുനരുജ്ജീവന മിഷൻ സെന്റർ, പ്രാദേശിക അറിവുകളെ സംയോജിപ്പിച്ച് ക്രോഡീകരിക്കുന്ന വിജ്ഞാൻ കേന്ദ്രം എന്നീ നാലിന കർമപദ്ധതിയാണ് ആവിഷ്‌കരിക്കുക.

Content Highlight: Bharathapuzha Knowledge Center