തൃശ്ശൂര്‍: മഴക്കാലമെത്തുകയായി, പതിവുപോലെ ദുരിതങ്ങളുടെ കുത്തൊഴുക്കുമായി. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍, മതിലിടിച്ചില്‍, കടല്‍ക്ഷോഭം, തീരമിടിച്ചില്‍, മുങ്ങിമരണവും അപകടമരണവും... എണ്ണിയാലൊടുങ്ങാത്ത പ്രാരബ്ധങ്ങളുടെ കാലം. സ്‌കൂള്‍ തുറപ്പു കൂടി കൂടെയെത്തുമ്പോള്‍ സകല കാര്യങ്ങളും തകിടം മറിയും. മുന്‍കരുതലുകളും തയ്യാറെടുപ്പുകളും ആവശ്യത്തിനുണ്ടെങ്കില്‍ ഒരു പരിധിവരെയെങ്കിലും ഇവയില്‍ പലതും ഒഴിവാക്കാം. അധികൃതരുടെ ഭാഗത്തുനിന്ന് ചെയ്തു തീര്‍ക്കേണ്ട കരുതലുകളാണ് പ്രധാനം. ഒപ്പം ഓരോരുത്തരും ശ്രദ്ധവെയ്‌ക്കേണ്ടുന്ന ചില കാര്യങ്ങളുമുണ്ട്.
എന്നാല്‍ പതിവുപോലെ തികഞ്ഞ അലംഭാവമാണ് ഇക്കുറിയും മഴക്കാലത്തെ കാത്തിരിക്കുന്നത്. വൃത്തിയാക്കാത്ത തോടുകളും കാനകളും, അറ്റകുറ്റപ്പണി നടത്താതെ റോഡുകള്‍, എങ്ങുമെത്താതെ രോഗപ്രതിരോധ സംവിധാനങ്ങള്‍... ഇതൊക്കെയാണ് ഇപ്പോഴും ജില്ലയിലെ പ്രധാന കാഴ്ചകള്‍.

വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളും, വാഹനങ്ങളും വള്ളങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളുമാണ് പ്രധാനം. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പലതും ഒഴിവാക്കാവുന്നതേയുള്ളൂ.
* സര്‍വീസ് വയറില്‍നിന്നോ വീടിന്റെ ചോര്‍ച്ച മൂലമോ വീട്ടിലെ വൈദ്യുതോപകരണങ്ങളിലേക്ക് വെള്ളമൊഴുകിയെത്തുന്നില്ലെന്ന് ഉറപ്പാക്കണം.
*മിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.
* സര്‍വ്വീസ് വയറോ വൈദ്യുതിക്കമ്പിയോ പൊട്ടിവീണാല്‍ ഉടന്‍ കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കണം. ഒരു കാരണവശാലും സ്വയം അറ്റകുറ്റപ്പണിക്ക് മുതിരരുത്.
*മീറ്റര്‍, മെയിന്‍ സ്വിച്ച് എന്നിവ നനയുന്നില്ലെന്ന് ഉറപ്പാക്കണം.
*മഴക്കാലത്ത് വോള്‍ട്ടേജ് വ്യതിയാനത്തിന് സാധ്യത കൂടുതലായതിനാല്‍ സ്റ്റെബിലൈസറുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.
* വാഹനാപകടങ്ങള്‍ക്കു സാധ്യത കൂടുതലായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി വാഹനങ്ങളുടെ കണ്ടീഷന്‍ നല്ലനിലയിലാണെന്ന് ഉറപ്പിക്കുക. തേയ്മാനം വന്ന ടയറുകള്‍ മാറ്റണം.
*അമിതവേഗം രാത്രിയായാലും പകലായാലും ഒഴിവാക്കുക.
*കടലില്‍ പോകുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. കാറ്റും കോളുമുള്ളപ്പോള്‍ കടലില്‍ പോകാതിരിക്കുക.
*മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ വേണ്ട മുന്‍കരുതലുകളെടുക്കുക.
*നിറഞ്ഞുകവിയുന്ന കിണറുകള്‍ക്ക് ചുറ്റുമതിലോ വേലിയോ കെട്ടി തിരിക്കണം.
*കുത്തൊഴുക്കുണ്ടാകുന്ന പുഴകളിലും അരുവികളിലും സാഹസിക നീന്തലുകള്‍ക്കും വള്ളങ്ങളിലെ യാത്രകള്‍ക്കും തയ്യാറാകരുത്.
* പകര്‍ച്ചവ്യാധികളെ കരുതിയിരിക്കണം. അസുഖങ്ങളുണ്ടായാല്‍ സ്വയം ചികിത്സയ്ക്കു മുതിരാതെ വൈദ്യസഹായം തേടുക.
*സ്‌കൂളിലേക്കു പോകുന്ന മക്കളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. സ്‌കൂള്‍ ബസ്സിലല്ല യാത്രയെങ്കില്‍ പ്രത്യേക കരുതല്‍ വേണം.
*കൃഷിനാശമൊഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകളും എടുക്കാവുന്നതാണ്.