ചാവക്കാട്: എടക്കഴിയൂർ നാലാംകല്ല് മരമില്ലിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിരോധിച്ച 1000, 500 രൂപ നോട്ടുകൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചരയോടെയാണ് ദ്രവിച്ചുപൊടിഞ്ഞ നിലയിലുള്ള നോട്ടുകൾ കണ്ടെത്തിയത്. 1000-ന്റെ 10 നോട്ടുകളും 500-ന്റെ 65 നോട്ടുകളുമാണ് കണ്ടെത്തിയത്.

പറമ്പിലെ കുറ്റിച്ചെടികൾക്കിടയിൽ വിതറിയ നിലയിലായിരുന്നു നോട്ടുകൾ. ദേശീയപാതയിൽനിന്ന് പടിഞ്ഞാറോട്ട് തിരിയുന്ന ഇടവഴിയിലൂടെ യാത്ര ചെയ്തവരാണ് നോട്ടുകൾ ആദ്യം കണ്ടത്. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ചാവക്കാട് എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നോട്ടുകൾ ശേഖരിച്ചു.

ഏറെക്കാലം സൂക്ഷിച്ചുവെച്ചതിനെത്തുടർന്ന് ദ്രവിക്കാൻ തുടങ്ങിയ നോട്ടുകൾ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. മഴ നനഞ്ഞതിനാൽ നോട്ടുകൾ ദ്രവിച്ച നിലയിലാണ്. ഇതിനാൽ കൃത്യമായി എത്ര നോട്ടുകളുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സ്ഥിതിയാണ്. കണ്ടെടുത്ത നോട്ടുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.