തൃശ്ശൂർ: ശ്രീകേരളവർമ കോളേജിൽ തന്റെ മകൾക്ക് ഡിഗ്രി അപേക്ഷാഫോറം വാങ്ങാൻ അയൽവാസി പറഞ്ഞയച്ചത് ഓട്ടോറിക്ഷാ തൊഴിലാളിയായ അഭിലാഷിനെയാണ്. ഒരാഴ്ച കഴിഞ്ഞപ്പോൾ അയൽവാസി അപേക്ഷാഫോറം അഭിലാഷിന് തിരികെ നൽകിയിട്ട് പറഞ്ഞു: ‘‘മകൾ തോറ്റു. നീ ഇത് എടുത്തോ.’’ ഒരു ഭാഗ്യപരീക്ഷണമെന്നോണം അഭിലാഷ് അതിൽ സ്വന്തം വിവരങ്ങൾ പൂരിപ്പിച്ചയച്ചു.

പത്തിലും പ്ലസ് ടുവിലും തോറ്റ് പഠിച്ച അഭിലാഷ് കേരളവർമ കോളേജിലെ ബി.എ. ഫിലോസഫിയിൽ 88 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനക്കാരനായി ജയിച്ച സംഭവത്തിലെ വഴിത്തിരിവായിരുന്നു അത്.

2014-ൽ കോളേജിലെ ഫിലോസഫി ടോപ്പറായ അഭിലാഷ് പ്രൊഫസർ ശങ്കരൻ നമ്പ്യാർ അവാർഡും ശ്യാം മെമ്മോറിയൽ ടോപ്പർ എൻഡോവ്മെന്റും നേടി.

പകൽ പഠനവും രാത്രി ഒാട്ടോ റിക്ഷയോടിക്കലുമായി ബി.എഡിന് 100 ശതമാനം ഹാജരോടെ ഒന്നാംക്ലാസ് മാർക്കിൽ പാസായ അഭിലാഷ് ഇപ്പോൾ തൃശ്ശൂർ തൈക്കാട്ടുശേരി ജങ്‌ഷനിലെ ഓട്ടോത്തൊഴിലാളിയാണ്. പാരലൽ കോളേജിൽ അധ്യാപകനായിരുന്ന അഭിലാഷ് കോവിഡ് കാലത്ത് സ്ഥാപനം പൂട്ടിയതോടെ മുഴുവൻ സമയ ഓട്ടോത്തൊഴിലാളിയായി. ഇപ്പോൾ നടത്തറ പഞ്ചായത്തംഗവുമാണ്.

ജീവിതത്തിൽ വിവിധ വേഷങ്ങളാടിയിട്ടുണ്ട് ഈ 32 കാരൻ. പത്തിൽ തോറ്റതോടെ തേപ്പുപണിക്കിറങ്ങി.

പ്ലസ് ടു തോറ്റതോെട ചുമട്ടുതൊഴിലാളിയായി. പിന്നീട് ഐ.ടി.സി.യിൽ‍ ചേർന്ന് സിവിൽ എൻജിനിയറിങ് ഡിപ്ലോമയെടുത്തു. വരുമാനത്തിന് വകയില്ലാതായതോടെ ഓട്ടോത്തൊഴിലാളിയായി. കാവൂട്ട് നാടൻകലാ സംഘം- വാമൊഴി നാടൻകലാസംഘം എന്നിവയിലെ ഗായകനായും വാദ്യക്കാരനും ജെ.പി.ഇ. ബി.എഡ്. ട്രെയിനിങ് കോളേജ് യൂണിയൻ ചെയർമാൻ‍, എ.െഎ.ടി.യു.സി. ഒാട്ടോത്തൊഴിലാളി യൂണിയൻ നേതാവ്, ക്ഷേത്രപൂജാരി, പ്രിയദർശിനി ക്ലബ്ബ് ഫുട്ബോൾ ടീമംഗം, ബസ് ക്ലീനർ, സ്വകാര്യ കോളേജ് അധ്യാപകൻ, ട്യൂഷൻ മാസ്റ്റർ, ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ‍ഡ്രൈവിങ് ലൈസൻസുള്ളയാൾ......

തൃശ്ശൂർ നടത്തറ പൂച്ചട്ടി മുരിയൻകുന്നിൽ പരേതനായ കറപ്പന്റെയും വള്ളിയമ്മയുടെയും മകനാണ്.

22-ാം വയസ്സിലാണ് പ്ലസ് ടു കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ വഴി 64 ശതമാനം മാർക്കോടെ ജയിച്ചത്. ഡിഗ്രിക്ക് പഠിക്കുന്പോഴാണ് അച്ഛൻ മരിച്ചത്.

ഇപ്പോൾ തൃശ്ശൂർ ചിയ്യാരത്തെ കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ പി.ജി.ഡി.സി.എ. കോഴ്സ് പാർട്ട് ടൈമായി പഠിക്കുന്നുണ്ട്. അഭിലാഷ്