വടക്കാഞ്ചേരി: ഇടയ്ക്കയില്‍ പരസ്പരം സംവദിച്ച് ആറ്റൂര്‍ സുരേഷ് മാരാരുംപളളിമണ്ണ രാജീവ് മാരാരും കൊട്ടി കയറിയത് വാദ്യക്കമ്പക്കാര്‍ക്ക് നവ്യാനുഭവമായി.പളളിമണ്ണ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായ പളളിമണ്ണ രാജീവ് മാരാരുംആറ്റൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലെ അടിയന്തിരക്കാരനായ സുരേഷ് മാരാരും ഒന്നിച്ചൊരുക്കിയ വാദ്യാനുഭവം ഹൃദ്യം.വാദ്യ കലയുടെ വ്യാകരണം മനഃപാഠമാക്കിയ പ്രതിഭകളുടെ കോവിഡ് കാലത്തെ ഈ കൂടിച്ചേരല്‍ പളളിമണ്ണയിലായിരുന്നു.

ശംഖ് നാദത്തിന്റെ ഓംകാര ധ്വനിയിലൂടെ ആരംഭിച്ച് അതിനനുസൃതമായ കാലനിര്‍ണ്ണയം നടത്തി സ്വരസ്ഥാനങ്ങള്‍ വിന്യസിച്ച് ആദ്യം ഗണപതിക്കൈ കൊട്ടി.തുടര്‍ന്ന് അലങ്കാരങ്ങളാല്‍ അലങ്കൃതമാക്കി തനതു കൂറുകള്‍ കൊട്ടി അതിന്റെ പരിപൂര്‍ണ്ണതയിലേക്ക് പ്രവേശിച്ച് സോപാനത്തിന്റെ ശാലീനശീലുകളാല്‍ സമ്പുഷ്ടമാക്കി.വ്യത്യസ്ത താളവട്ടങ്ങള്‍ പതികാലം,കൂറ്,ഇടകാലം എന്നിവയില്‍ പരസ്പരം സംവദിച്ച് കൊട്ടികയറിയാണ് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത്.തുടര്‍ന്ന് തുടങ്ങിയ അതേ കാലത്തില്‍ അതിന്റെ അവസാന ഭാഗത്തിലേക്ക്.വീണ്ടും സ്വരസ്ഥാനങ്ങള്‍ വിന്യസിച്ച് കൊട്ടിയാണ് ഇടയ്ക്കയിലെ സംവദിക്കല്‍ അവസാനിപ്പിച്ചത്.അരമണിക്കൂറായിരുന്നു പരിപാടിയുടെ ദൈര്‍ഘ്യം.