അതിരപ്പിള്ളി: വെള്ളച്ചാട്ടത്തിന് മുകളിലും താഴെയും പുഴയിലിറങ്ങാൻ അനുവദിക്കാത്തതിനാൽ സഞ്ചാരികൾ കുളിക്കാനിറങ്ങുന്നത് കണ്ണൻകുഴി മുതൽ തുമ്പൂർമുഴി വരെ പുഴയുടെ വിവിധ ഭാഗങ്ങളിൽ. ഈ ഭാഗങ്ങളിൽ നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ അപകടങ്ങളും ഏറുന്നു.

ആറുമാസത്തിനുള്ളിൽ വെറ്റിലപ്പാറ പാലം ഭാഗത്തുള്ള ഒരു കിലോമീറ്ററിനിടെ പുഴയിൽ രണ്ടാമത്തെ മുങ്ങിമരണമായിരുന്നു ചൊവ്വാഴ്ചത്തേത്. പലരും ഒഴുക്കിൽ പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലുകളാണ് ആളുകളെ രക്ഷപ്പെടുത്തുന്നത്.

പുഴയുടെ ആഴത്തെയും ഒഴുക്കിനെയും പറ്റി അറിവില്ലാത്ത വിനോദസഞ്ചാരികളാണ് കുളിക്കാനിറങ്ങി അപകടത്തിൽ പെടുന്നതിലേറെയും. സഞ്ചാരികൾ കൂടുതലുള്ള ദിവസങ്ങളിൽ പോലീസും വനപാലകരും കൂടുതൽ ജീവനക്കാരെ ക്യാമ്പിൽനിന്നും മറ്റു സ്റ്റേഷനുകളിൽനിന്നും എത്തിക്കാറുണ്ട്. എന്നാൽ ഏറെനാളുകളായി പോലീസ്, വനം ഉദ്യോഗസ്ഥർ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കാര്യമായ നടപടികൾ എടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

സഞ്ചാരികൾ കൂടുതലെത്തുന്ന അവധിദിവസങ്ങളിൽ പുഴയിൽ ആഴമുള്ള ഭാഗത്തേക്ക് സഞ്ചാരികൾ ഇറങ്ങുന്നത് നിയന്ത്രിക്കാൻ വനസംരക്ഷണ സമിതി പ്രവർത്തകരെയോ പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരെയോ നിയോഗിക്കണം. കൂടാതെ പട്രോളിങ്ങും ഏർപ്പെടുത്തിയാൽ അപകടങ്ങൾ ഏറെ കുറയ്ക്കാനാകും.