അതിരപ്പിള്ളി: വനമധ്യത്തിൽ പെരിങ്ങൽക്കുത്ത് ഡാം റിസർവോയറിന്റെ തീരത്തുള്ള മുക്കാംപുഴ ആദിവാസിക്കോളനിയിൽ ആറ് വീടുകൾ കാട്ടാനക്കൂട്ടം തകർത്തു. അപ്പുണ്ണി, രാധ, സതേന്ദ്രൻ, രതീഷ്, സുബ്രഹ്മണ്യൻ, കണ്ണമണി എന്നിവരുടെ വീടുകളാണ് കാട്ടാനകൾ തകർത്തത്.
ശനിയാഴ്ച രാത്രിയാണ് ആനകളുടെ ആക്രമണമുണ്ടായത്. വീടുകളുടെ വാതിലും ജനലുകളും തകർത്ത ആനകൾ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും പാത്രങ്ങളും വീടുകൾക്കു സമീപത്തെ വാഴകളും തെങ്ങും നശിപ്പിച്ചു. ഊരിലുള്ളവർ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ സമയത്താണ് സംഭവം. 18 കുടുംബങ്ങൾ താമസിക്കുന്ന ഊരിന് ചുറ്റും സ്ഥാപിച്ച സൗരോർജവേലി തകർന്നിട്ട് നാളുകളായി. സൗരോർജവേലിയുടെ തകരാറുകൾ പരിഹരിക്കുന്നതിന് അധികൃതർ തയ്യാറാകുന്നില്ലെന്ന് ആദിവാസികൾ പറയുന്നു.