അതിരപ്പിള്ളി: പ്രളയത്തിൽ തകർന്ന വെറ്റിലപ്പാറ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായെങ്കിലും സ്പാനുകൾക്കിടയിലുള്ള വിള്ളലുകൾ കൂടിയത് അപകട ഭീഷണിയാകുന്നു.

മലവെള്ളപ്പാച്ചിലിൽ മരങ്ങൾ വന്നിടിച്ച് സ്ഥാനം മാറിയ സ്പാനുകൾ എല്ലാം നേരേയാക്കാൻ സ്പാനുകളുടെ അറ്റത്തുള്ള ടാറിങ്‌ കളഞ്ഞിരുന്നു. സ്പാനുകൾ നേരെയാക്കിയതോടെ രണ്ട് സ്പാനുകൾക്കിടയിൽ വലിയ വിള്ളലുകളാണ് ഉണ്ടായിരിക്കുന്നത്. ഈ വിള്ളലുകളിൽ ഇരു ചക്ര വാഹനങ്ങൾ ചാടി അപകടങ്ങളുണ്ടാകാൻ സാധ്യതയേറെയാണ്.

ഉടൻ തന്നെ ടാറിങ്‌ നടത്തി പാലത്തിലെ വിള്ളലുകൾ അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പാലം ഗതാഗതത്തിന് തുറന്നു കൊടുത്ത് രണ്ടാഴ്ചയായിട്ടും യാതൊന്നും ചെയ്തിട്ടില്ല.

പാലത്തിനോട് ചേർന്ന് പുഴയുടെ ഇരുകരയിലും സഞ്ചാരികൾക്ക് പുഴയിലിറങ്ങാനായി നിർമിച്ച പടവുകളും കൈവരികളും കുളിക്കടവും പ്രളയത്തിൽ തകർന്നിരുന്നു. പടവുകളുടേയും കുളിക്കടവുകളുടെ നിർമാണവും തുടങ്ങിയിട്ടില്ല.നവംബർ ആദ്യത്തിൽ തുടങ്ങിയ അറ്റകുറ്റപ്പണികൾ ഡിസംബർ ആദ്യവാരം തീർക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ജനുവരിയായിട്ടും പണികൾ പൂർത്തിയാകുന്നത് അനന്തമായി നീളുകയാണ്. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് അറ്റകുറ്റപ്പണികൾ കരാർ എടുത്തിരിക്കുന്നത്.