അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ തുമ്പൂർമുഴിമുതൽ അതിരപ്പിള്ളിവരെയുള്ള മേഖലയിൽ നിരോധിത രീതിയിൽ മീൻപിടിത്തം വ്യാപകമായതായി പരാതി. മഴ കുറഞ്ഞതിനാലും വൈദ്യുതിവകുപ്പ് പവർഹൗസുകളിൽ വൈദ്യുതോത്‌പാദനം നിയന്ത്രിച്ചതിനാലും പുഴയിൽ ജലനിരപ്പ് വളരെ താഴ്‌ന്നുതുടങ്ങിയിട്ടുണ്ട്.
വൈദ്യുതി ഉപഭോഗം കൂടുതൽ ആവശ്യമുള്ള രാത്രിസമയത്ത് വൈദ്യുതോത്‌പാദനം കൂട്ടുന്നതിനാലാണ് പകൽ പുഴയിലെ ജലനിരപ്പ് വളരെ താഴുന്നത്.
ഇതോടെയാണ് ലൈസൻസുള്ളവർക്കുമാത്രം ഉപയോഗിക്കാവുന്ന നിരോധിത സ്‌ഫോടകവസ്തുവായ ജലാറ്റിൻ സ്റ്റിക്കുപയോഗിച്ചും ഇൻവർട്ടർ ഉപയോഗിച്ചും ആളുകൾ മീൻപിടിക്കുന്നത്. നിരവധി കുടിവെള്ളപദ്ധതികളുള്ള പുഴയിൽ തോട്ടയിട്ട് മീൻപിടിക്കുന്നതോടെ വെള്ളത്തിൽ സ്‌ഫോടകവസ്തുക്കൾ കലരുകയും ചെറിയ മീനുകൾ ചാകുകയും ജലസസ്യങ്ങൾ നശിക്കുകയും ചെയ്യും. ഇതോടെ പുഴയിലെ വെള്ളം മലിനമാകുന്നു. എന്നാൽ ഈ നിയമലംഘനത്തിനെതിരേ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.