അതിരപ്പിള്ളി: പട്ടികവർഗത്തിൽപ്പെട്ട കുട്ടികൾ താമസിച്ച് പഠിക്കുന്ന വെറ്റിലപ്പാറയിലെ ഹോസ്റ്റലിന്റെ അവസ്ഥ ശോചനീയമെന്ന് ശിശുക്ഷേമ സമിതിയുടെ പരിശോധനയിൽ കണ്ടെത്തി. വ്യാഴാഴ്ച ഹോസ്റ്റലിൽ സമിതി നടത്തിയ പരിശോധനയിലാണ് ശോച്യാവസ്ഥ കണ്ടെത്തിയത്.

മുറികളിലെ സ്വിച്ച് ബോർഡുകളും ജനാലച്ചില്ലുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ജനാലകൾക്കൊന്നും ചില്ലുകളില്ല. ലൈബ്രറി പഠനത്തിന് നൽകാതെ കിടക്കകൾ, കസേരകൾ തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടമാക്കിയിരിക്കുകയാണ്. ശൗചാലയങ്ങളുടെ അവസ്ഥയും പരിതാപകരമാണ്.

നല്ല കിടക്കകൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിലും കുട്ടികൾ കിടക്കുന്നത് കീറിയ കിടക്കകളിലാണ്. കുട്ടികൾക്ക് ആവശ്യത്തിന് കട്ടിലുകളും നൽകുന്നില്ല. 18 കട്ടിലുകളിലായി 42 കുട്ടികളാണ് കിടന്നുറങ്ങുന്നത്. 60 പേരെ താമസിപ്പിക്കാൻ സാധിക്കുന്ന സ്ഥാപനത്തിൽ 95 പേരെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തി. ചെയർമാൻ ഡോ. കെ.ജി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശോധനക്കെത്തിയത്.

അതേസമയം ഹോസ്റ്റൽ കെട്ടിട നവീകരണത്തിനായി 8.43 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് പട്ടികവർഗ വികസന വകുപ്പ് അധികൃതർ പറഞ്ഞു.