അതിരപ്പിള്ളി: കാടും മേടും താണ്ടി കിലോമീറ്ററുകൾ യാത്രചെയ്ത് വോട്ടുചെയ്യാൻ ആദിവാസികളെത്തി. അതിരപ്പിള്ളി പഞ്ചായത്തിൽ ആനമലറോഡിൽനിന്ന് നാലുകിലോമീറ്ററകലെ വനമധ്യത്തിലുള്ള അടിച്ചിൽത്തൊട്ടി ആദിവാസി ഊരിലേക്ക് വഴിയില്ല. നാലുകിലോമീറ്റർ ദൂരം നടന്നും 13 കിലോമീറ്റർ ദൂരം വാഹനത്തിൽ സഞ്ചരിച്ചും വേണം ആദിവാസികൾക്ക് മലക്കപ്പാറയിലെത്താൻ.

കാടിനുനടുവിലുള്ള അരയകാപ്പ്, വെട്ടിച്ചുട്ടകാട് ആദിവാസി ഊരുകളിലേക്കും വഴിയില്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്ന് റോഡിലെത്തി വാഹനം പിടിച്ചുവേണം ആദിവാസികൾക്ക് വോട്ടുചെയ്യാൻ. എത്ര ബുദ്ധിമുട്ടിയും വോട്ടുചെയ്യുമെന്നായിരുന്നു ആദിവാസികളുടെ പ്രതികരണം.

അടിച്ചിൽത്തൊട്ടി, പെരുമ്പാറ, അരയകാപ്പ്, വെട്ടിച്ചുട്ടകാട് ആദിവാസി ഊരുകളിലെ ആദിവാസികൾക്ക് മലക്കപ്പാറയിലായിരുന്നു വോട്ട്. ഏറെ ബുദ്ധിമുട്ടിയെങ്കിലും എഴുപതുശതമാനം ആദിവാസികളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. പലകോളനികളിലും ആദിവാസികളെ കൊണ്ടുപോയി വോട്ടുചെയ്യിക്കാൻ വാഹനങ്ങളുമായി രാഷ്ട്രീയപ്പാർട്ടികളിലെ പ്രാദേശിക നേതാക്കന്മാർ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകളിലാണ് വോട്ടുചെയ്യാൻ പോയത്.

ഓട്ടോയിൽ അൻപത് കിലോമീറ്റർ സഞ്ചരിച്ച് പൊന്നപ്പനും കുടുംബവുമെത്തി

ഷോളയാർ വനമേഖലയിലെ കാടുകളിൽ തേൻ ശേഖരിക്കാൻ എത്തിയതായിരുന്നു ശാസ്താംപൂവ്വം ആദിവാസി ഊരിലെ പൊന്നപ്പനും കുടുംബവും. ഒരു മാസത്തിലേറെയായി പൊന്നപ്പനും അച്ഛൻ രാജനും മറ്റൊരു കുടുംബവും കാട്ടിൽ തന്നെ കുമ്മാട്ടി ബാഗത്ത് ഷെഡ്ഡ് കെട്ടിയാണ് താമസം.

റോഡിലെത്താൻ അര മണിക്കുറിലേറെ നടക്കണം. ആനയേയും അട്ടയേയും മറി കടക്കണം. എന്നാൽ വോട്ട് ചെയ്യാതിരിക്കാൻ ഈ കുടുംബത്തിന് പണമോ വന്യമൃഗങ്ങളൊ പ്രശ്‌നമായിരുന്നില്ല. വോട്ട് തങ്ങളുടെ അവകാശമാണെന്നും വോട്ട് ചെയ്യാതിരിക്കാൻ ആകില്ലെന്നുമാണ് ഈ കുടുംബത്തിന്റെ വാദം.

അതിനാൽ ഇവർ നാട്ടിൽ നിന്ന് തന്നെ ഒരു ഓട്ടോറിക്ഷ വാടകക്ക് വിളിച്ച് അൻപത് കിലോമീറ്ററോളം സഞ്ചരിച്ച് വോട്ട് ചെയ്യുകയായിരുന്നു. ആയിരത്തോളം രൂപ വണ്ടി വാടകയായെങ്കിലും ചൊക്കന സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്ത സന്തോഷത്തോടെയാണ് പൊന്നപ്പനും ഭാര്യ പഞ്ചമിയും അമ്മ ജാനുവും മടങ്ങിയത്.

Content Highlights; 2019 loksabha election