കൊടുങ്ങല്ലൂർ : അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിന് അഴകായി മിയാവാക്കി കാട് തഴച്ചുവളരുന്നു. മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായി മാറിയ ബീച്ചിൽ നൂറിനം വൃക്ഷങ്ങളുടെ മിയാവാക്കി കാടാണ് വളരുന്നത്. രണ്ടുമാസം മുമ്പ് ബീച്ചിലെ കായലിനോടും കടലിനോടും ചേർന്നുള്ള 20 സെന്റ് സ്ഥലത്ത് 3215 വൃക്ഷത്തൈകളാണ് നട്ടത്.

രാസവളങ്ങളോ കീടനാശിനികളോയില്ലാതെ ജൈവവസ്തുക്കൾ മണ്ണിൽചേർത്താണ് പരിപാലനം. കറുക,പുളി,മാവ്,ഞാവൽ,എലിഞ്ഞി, അത്തി, പ്ലാവ് തുടങ്ങിയ നൂറിനങ്ങളിൽപ്പെട്ട വൃക്ഷത്തെകളാണ് വെച്ചുപിടിപ്പിച്ചത്.

ചുരുങ്ങിയ നാളുകൾകൊണ്ട് തഴച്ചുവളർന്ന വൃക്ഷത്തൈകൾ ഇപ്പോൾത്തന്നെ ബീച്ചിലെ ഒരു ആകർഷണകേന്ദ്രമായി മാറിയിട്ടുണ്ട്. ചിത്രശലഭങ്ങളുടെയും വിവിധയിനം പക്ഷികളുടെയും ആവാസസ്ഥലമായി ഈ ചെറുവനം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മുസിരിസ് പൈതൃകപദ്ധതിയുടെ പരിചരണവും നിരീക്ഷണവുമാണ് ഈ മിയാവാക്കി കാടിനെ സ്വാഭാവികവനമാക്കാൻ സഹായകമായത്.

മുസിരിസ് തീരത്തിന് അഴകായി മിയാവാക്കി വനം