തൃശ്ശൂർ: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദളിത് ജീവിതം ഇന്നും ദുസ്സഹമാണെന്ന് ദളിത് ആക്ടിവിസ്റ്റ് മൃദുലാദേവി. ഇന്ത്യയിലെ ദളിതർ ഇന്നും കോളനികളിലാണ്. ഡോ. അംബേദ്കറെ അർഹിക്കുന്നവിധത്തിൽ പുതുതലമുറയെ പഠിപ്പിക്കുന്നില്ല. അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ നടക്കുന്ന രംഗകലാകാരന്മാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സഫ്ദർ ഹാഷ്മി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ചരിത്രത്തെ സത്യസന്ധമായി പുറത്തുകൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മറയ്ക്കപ്പെട്ടവരാണ് കൂടുതൽ. അയ്യങ്കാളിയെപ്പോലെ പലരും ഇനിയും ദൃശ്യതയിലേയ്ക്കു വരും. അദൃശ്യതയിൽനിന്ന് ദൃശ്യതയിലേയ്ക്ക് വന്ന ആദ്യത്തെ ദളിത് സ്ത്രീ പി.കെ. റോസിയാണ്. അതിന് അവർക്ക് നാടുവിടേണ്ടിവന്നുവെന്നത് ചരിത്രം. അസ്വതന്ത്രരും അടിമകളെപ്പോലെ ജീവിച്ചവരുമായ ജനതയുടെ ഉന്നമനത്തിന് ഭരണകർത്താക്കളെ ഉദ്‌ബോധിപ്പിക്കാൻ തെരുവുനാടകം കളിച്ച സഫ്ദർ ഹാഷ്മിയെ കൊലപ്പെടുത്തിയ നാടാണിതെന്നും അവർ പറഞ്ഞു.
ഇറ്റലിയിലെ കൊറിയോഗ്രാഫറും നർത്തകനുമായ ഡോ. ജിയോവാനാ സുമോ സ്റ്റാൻസ്ലാവ്‌സ്‌കി പ്രബന്ധം അവതരിപ്പിച്ചു. ജോസ് ചിറമേൽ അനുസ്മരണം ഡോ. ജോളി പുതുശ്ശേരി നിർവഹിച്ചു. വിനോദ് വി. നാരായണൻ, ജനറൽ കൺവീനർ ശ്രീജിത്ത് രമണൻ, നജ്മുൽ ഷാ, കലാമണ്ഡലം അശ്വതി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് സ്‌കോളർ അശ്വതി രാജൻ, സി.ആർ. ശ്രീവിദ്യ, എം. പ്രദീപൻ, എമിൽ മാധവി, പൂജാ മോഹൻരാജ്, എം. ദിവ്യ എന്നിവർ പങ്കെടുത്തു.