ചെങ്ങാലൂർ: വിപുലീകരണത്തിന് അനുമതിയില്ലാത്ത ക്രഷർ യൂണിറ്റിൽ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതായി ആരോപണം. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് വളഞ്ഞൂപ്പാടത്തെ ക്രഷർ യൂണിറ്റിൽ റവന്യൂ അധികൃതർ പരിശോധന നടത്തി.
കെട്ടിടംപണിക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. എന്നാൽ ക്രഷർ വിപുലീകരണം തുടരുന്നുണ്ട്. നിജസ്ഥിതി പരിശോധിക്കാൻ ഇരിങ്ങാലക്കുട തഹസിൽദാർ ചെങ്ങാലൂർ വില്ലേജ് ഓഫീസർ, പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകിയിരുന്നു.
അനധികൃത നിർമാണം കണ്ടെത്തുന്നപക്ഷം സ്റ്റോപ്പ് മെമ്മോ നൽകാനും തഹസിൽദാരുടെ നിർദേശമുണ്ടായിരുന്നു. ക്രഷർ പരിശോധിച്ച വില്ലേജ് ഓഫീസർ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് പറയുന്നത്. എന്നാൽ കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ടെന്നും നടപടിയെടുക്കേണ്ടത് പഞ്ചായത്താണെന്നും വില്ലേജ് അധികൃതർ പറയുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം പരിശോധന നടത്തിയ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ കെട്ടിടം പണി നടക്കുന്നില്ലെന്നും കെട്ടിടത്തിന്റെ അഗ്നിസുരക്ഷാ അനുമതിക്കായുള്ള നിർമാണം മാത്രമാണ് നടക്കുന്നതെന്നും പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
ബിൽഡിങ് പെർമിറ്റ് അനുവദിച്ചിട്ടില്ലാത്ത സ്ഥലത്ത് ക്രഷർ യൂണിറ്റ് വിപുലീകരണവും കെട്ടിടംപണിയും നടക്കുന്നത് അധികൃതരുടെ മൗനാനുവാദത്തോടെയാണെന്നാണ് നാട്ടുകാരുടെ ആരോപണം.