കൊടുങ്ങല്ലൂർ: കോതപറമ്പ് ജുമാമസ്ജിദിന്റെ ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. പള്ളിയുടെ മുൻവശത്തു സ്ഥാപിച്ച ഭണ്ഡാരവും ഓഫീസ് മുറിയുടെ മുൻഭാഗത്തുള്ള സ്റ്റീൽ ഭണ്ഡാരവുമാണ് കവർന്നത്. രണ്ടുഭണ്ഡാരങ്ങളുടെയും പൂട്ടുകൾ തകർത്താണ് കവർച്ച നടത്തിയത്. ഭണ്ഡാരത്തിലുണ്ടായിരുന്ന നോട്ടുകളാണ് കവർന്നിട്ടുള്ളത്. ചില്ലറയെടുത്തിട്ടില്ല. ഏകദേശം നാലായിരത്തോളം രൂപയുടെ നോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ പള്ളിയിലെത്തിയവരാണ് സംഭവം കണ്ടത്. മതിലകം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.