കുതിരാൻ: ദേശീയപാത കുതിരാനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ എട്ടു മുതൽ രാത്രി 9 മണി വരെ ചരക്കുവാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ച കാരണം ഗതാഗത നിയന്ത്രണം പൂർണമായും പാളി. പാലക്കാട് ഭാഗത്തു നിന്നുള്ള ചരക്ക് വാഹനങ്ങൾ വാളയാറിലും വടക്കഞ്ചേരിക്ക് സമീപത്തും പൂർണമായും പിടിച്ചിട്ടപ്പോൾ തൃശ്ശൂർ ഭാഗത്തുനിന്ന്‌ സാധാരണനിലയിൽ ചരക്കുവണ്ടികൾ കുതിരാനിലേക്ക് പ്രവേശിച്ചു. ഇത് അറ്റകുറ്റപ്പണികളെ ബാധിക്കുകയും അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തു. താണിപ്പാടം മുതൽ പന്നിയങ്കര വരെ 18 കിലോമീറ്റർ നീളത്തിലാണ് ഗതാഗതക്കുരുക്കിൽ വാഹനങ്ങളുടെ നിര നീണ്ടത്. ഗതാഗതക്കുരുക്ക് കേട്ടറിഞ്ഞ ഭൂരിഭാഗം സ്വകാര്യബസുകളും സർവീസ് നിർത്തുകയും ചെയ്തു.

പട്ടിക്കാട് മുതൽ മണ്ണുത്തി വരെ റോഡരികിൽ ചരക്കുവാഹനങ്ങൾ പിടിച്ചടക്കാനുള്ള സ്ഥലസൗകര്യവും സർവീസ് റോഡും ഉണ്ടായിട്ടുകൂടി വാഹനങ്ങളെ പിടിച്ചിട്ടില്ല. രാത്രി എട്ടുമണിക്കുപോലും സ്കൂൾ വിദ്യാർഥികൾ കുതിരാനിലെ കുരുക്കിൽപ്പെട്ട് കിടപ്പായിരുന്നു. ഈ അവസ്ഥ വരും ദിവസങ്ങളിലും തുടർന്നാൽ പ്രതീക്ഷിച്ച സമയത്ത് അറ്റകുറ്റപ്പണികൾ തീർക്കാൻ കഴിയില്ല. ഒപ്പം ഇതുവരെ കാണാത്ത രൂക്ഷമായ ഗതാഗതക്കുരുക്കിനും സാക്ഷ്യംവഹിക്കേണ്ടി വരും.