തൃശ്ശൂർ: അസമിൽ കാണാതായ വിമാനത്തിൽ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ സൈനികനും. പെരിങ്ങണ്ടൂർ നടുവിലാർമഠത്തിൽ പരേതനായ ഹരിഹരന്റെ മകൻ വിനോദ് (32) ആണ് വിമാനത്തിലുണ്ടായിരുന്നത്.

ജൂൺ മൂന്നിന് പകൽ 12.15-നാണ് അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽനിന്ന് 13 സൈനികരുമായി വ്യോമസേനയുടെ എ.എൻ. 32 വിമാനം പുറപ്പെട്ടത്. അരുണാചൽപ്രദേശിലെ മെചുകയിലെ അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ വിമാനം കാണാതാവുകയായിരുന്നു.

വ്യോമസേനയിൽ സ്‌ക്വാഡ്രൻ ലീഡറാണ് വിനോദ്. കോയമ്പത്തൂർ സിങ്കാനെല്ലൂർ വിദ്യാവിഹാർ എൻക്ലേവിലാണ് വിനോദും ഭാര്യ രുക്‌മിണിയും അമ്മ തങ്കമണിയും ഉൾപ്പെടെ താമസിക്കുന്നത്. രണ്ടാഴ്ച മുമ്പ് വിനോദ് പെരിങ്ങണ്ടൂരിലെ വീട്ടിൽ വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിനോദിന്റെ സഹോദരൻ വിവേക് പൈലറ്റാണ്.