കൊടുങ്ങല്ലൂർ: താലൂക്കാശുപത്രിയിലെ സൂപ്രണ്ട് അനീഷിനോട്‌ വിളിച്ചുപറഞ്ഞു -‘ഒരു വിദ്യാർഥിയെ തൃശ്ശൂരിലെ ജനറൽ ആശുപത്രിയിലെത്തിക്കണം. കോവിഡാണെന്ന് സംശയമുണ്ട്’. ആശങ്കയില്ലാതെ അനീഷ് ദൗത്യം ഏറ്റെടുത്തു. രാജ്യം കോവിഡെന്ന മഹാമാരിയെക്കുറിച്ച് അറിഞ്ഞുതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ.

ആദ്യത്തെ കോവിഡ്‌രോഗിയുമായി എറിയാട് മാടവന കാട്ടാകുളം തൈത്തറ ടി.എ. അനീഷ് യാത്രയാരംഭിച്ചു. മാസങ്ങൾപിന്നിട്ടിട്ടും ഈ ദൗത്യത്തിൽനിന്ന് ഈ പോരാളി പിൻമാറിയിട്ടില്ല.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസിന്റെ താത്കാലിക ഡ്രൈവറാണ് ഈ മുപ്പത്തിയൊമ്പതുകാരൻ. പ്രായമായ അമ്മയും മൂന്നുവയസ്സുകാരി മകളും അടക്കമുള്ള കുടുംബത്തെ അടുത്തുകണ്ടിട്ട് 73 ദിവസമായി.

ജനുവരി 27-ന് ചൈനയിലെ വുഹാനിൽനിന്നുമെത്തിയ മെഡിക്കൽവിദ്യാർഥിക്ക് കോവിഡ് സംശയത്തെത്തുടർന്നാണ് ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നത്. പിന്നീട് വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചു. പിന്നീടിതുവരെ കോവിഡ് സാംപിൾപരിശോധനയ്ക്കായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌, 387 പേരെയാണ് അനീഷ് ആശുപത്രിയിലെത്തിച്ചത്. സാംപിൾ ശേഖരിച്ചശേഷം ഇവരെ വീടുകളിൽ തിരിച്ചെത്തിച്ചു. ഇവരിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ചമുതൽ താലൂക്ക് ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയതോടെ രണ്ട് 108 ആംബുലൻസുകൾകൂടിയെത്തി. എന്നാൽ അനീഷിന് തിരക്കൊഴിഞ്ഞിട്ടില്ല. നാലുകിലോമീറ്റർ മാത്രം അകലെയാണ് വീട്. വല്ലപ്പോഴുമൊരിക്കൽ വീട്ടിലേക്കുപോകും. വീട്ടിലുള്ള അമ്മയെയും മൂന്നുവയസ്സുകാരി മകൾ ആദിലക്ഷ്മിയെയും ഭാര്യ ദിവ്യയെയും മറ്റു കുടുംബാംഗങ്ങളെയും റോഡരികിൽനിന്ന് കണ്ടുമടങ്ങും. പ്രളയസമയത്തും ദുരിതാശ്വാസക്യാമ്പുകളിലേക്ക് പ്രളയബാധിതരെ എത്തിക്കുന്നതിനും ഇവർക്ക് വൈദ്യസഹായം എത്തിക്കുന്നതിനും അനീഷ് മുന്നിലായിരുന്നു. ഇതേത്തുടർന്ന് ഒട്ടേറെ സംഘടനകൾ അനീഷിനെ ആദരിച്ചിരുന്നു.

Content Highlight: Ambulance driver Aneesh