ആളൂർ: ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ റോഡിൽ നിന്ന് കുളത്തിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായ രണ്ടുവയസ്സുകാരിയെയും അച്ഛനെയും സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി.

വെള്ളിയാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടം. താഴേക്കാട് കനാൽപ്പാലം പരിസരത്തെ അരീക്കാടൻ വീട്ടിൽ ലിജോ ജോസും മകൾ ആൻഡ്രിയയുമാണ്‌ കാറിലുണ്ടായത്. താഴേക്കാട് കള്ളിശ്ശേരി ശിവക്ഷേത്രത്തിനു സമീപത്തെ കുളത്തിലേക്കാണ് കാർ മറിഞ്ഞത്. കാർ കുളത്തിലേയ്ക്ക് മറിയുന്നതു കണ്ട സ്‌കൂൾ വിദ്യാർഥി സമീപത്തെ വർക്ക്ഷോപ്പിൽ എത്തി വിവരമറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഈ കുട്ടിയെപ്പറ്റി ആരും കാര്യമായി അന്വേഷിച്ചില്ല.

വർക്ക്ഷോപ്പ് ജീവനക്കാർ ഓടിയെത്തി കുളത്തിലിറങ്ങി. ചണ്ടിയും പുല്ലും നിറഞ്ഞ കുളത്തിൽ കാർ പകുതിയോളം മുങ്ങിയ നിലയിലായിരുന്നു. ലിജോയ്ക്കും മകൾ ആൻഡ്രിയയ്ക്കും പരിക്കുകളൊന്നും ഉണ്ടായില്ല. കാറിൻറെ ഡോറുകൾ തുറക്കാനാവാത്തതിനാൽ ഡിക്കിയുടെ ഭാഗം ഉയർത്തിയാണ് രണ്ടുപേരെയും പുറത്തെടുത്തത്.

കടുപ്പശ്ശേരി ഭാഗത്തേക്കുള്ള ഇറക്കം ഇറങ്ങുമ്പോൾ കാർ നിയന്ത്രണംവിട്ടതാണെന്ൻ ലിജോ ജോസ് പോലീസിനോട് പറഞ്ഞു. താഴേക്കാട് പള്ളിയിൽ കുടുംബത്തിനൊപ്പം കുർബാനയിൽ പങ്കെടുത്തശേഷം ലിജോയും മകളും മൂത്തമകനെ പുല്ലൂരിലെ സ്‌കൂളിൽനിന്ൻ കൊണ്ടുവരാൻ പോയതായിരുന്നു. ആളൂർ പോലീസ് സ്ഥലത്തെത്തി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ കുളത്തിൽനിന്ൻ ഉയർത്തി.