തൃശ്ശൂർ: ഇലഞ്ഞിപ്പൂമണവുമായി ഒഴുകിയെത്തിയ സംഗീതപ്പെരുമഴയാൽ ഗാനരചയിതാവ് ശ്രീകുമാരൻതമ്പിക്ക്‌ ഗീതം സംഗീതം കലാ, സാംസ്‌കാരികവേദിയുടെ ആദരം. പ്രസംഗകരെല്ലാം ഇഷ്ടഗാനങ്ങളുടെ വരികൾ പാടി സദസ്സിനെ ഉണർത്തിയ ആദരസന്ധ്യ.

പ്രിയപ്പെട്ട ഗാനരചയിതാക്കളായ വയലാർ, ഒ.എൻ.വി. എന്നിവർക്കുശേഷം മുഴങ്ങിക്കേട്ടിരുന്ന പേരാണ് ശ്രീകുമാരൻതമ്പിയുടേതെന്ന് ആദരം ഉദ്ഘാടനം ചെയ്ത എഴുത്തുകാരൻ സുഭാഷ്ചന്ദ്രൻ പറഞ്ഞു.

കുട്ടിക്കാലത്തെയും കൗമാരത്തെയും സ്വാധീനിച്ച ഗാനങ്ങളാണ് ശ്രീകുമാരൻതമ്പിയുടേത്. സന്തോഷത്തിന്റെ താരകാവലി ചാർത്തി ഉണർത്തുന്ന കവിയാണദ്ദേഹം. നമുക്കൊപ്പംനിന്ന് എളിമയോടെ കാവ്യമെഴുതി അദ്ദേഹം. നമ്മളിലെ സർഗവാസനകൾ ഉണർത്തി. ‘പൊൻവെയിൽ മണിക്കച്ച അഴിഞ്ഞുവീണു’, അടുത്ത വാക്കുകൾക്ക് മുമ്പേ ഈ വരികൾ പാടി സുഭാഷ്ചന്ദ്രൻ. ‘ഓമനത്തിങ്കൾ കിടാവോ’ താരാട്ടുപാട്ടെഴുതിയ ഇരയിമ്മൻതമ്പിക്കുശേഷമുള്ള മറ്റൊരു തമ്പിയാണദ്ദേഹം. വലിയൊരു കവിഹൃദയത്തിന് ഉടമ. ‘കതിർവനൂർവീരനെ... മാമയിൽപീലിയാൽ’ വരികൾ പാടി സന്തോഷം പങ്കുവെച്ചു അദ്ദേഹം. സംസാരിക്കുന്നതിൽ ചെറിയ അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ സുഭാഷ്ചന്ദ്രൻ പാട്ടുകൾ പാടിയാണ് മടങ്ങിയത്.

ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് ശ്രീകുമാരൻതമ്പിയെ ഉപഹാരം നൽകി ആദരിച്ചു. ആദരച്ചടങ്ങിൽ പശ്ചാത്തലമായത് ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...’ എന്ന ഗാനം. മൈക്കെടുത്ത മന്ത്രിയും ഏതാനും വരികൾ പാടി. ‘കേരളം...കേരളം...കേളികൊട്ടുണരുന്ന കേരളം...’ , ‘കതിർവനൂർവീരനെ...’ എന്നീ പാട്ടുകൾ പാടിയാണ് മന്ത്രി സി. രവീന്ദ്രനാഥ് പ്രസംഗം അവസാനിപ്പിച്ചത്. ‘പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു...’, വരികളുമായി കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനും സംഗീതത്തിലലിഞ്ഞു. വലിയ ഗാനസാമ്രാജ്യമാണ് ശ്രീകുമാരൻതമ്പിയെന്ന വലിയ മനുഷ്യൻ കെട്ടിപ്പടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കല്ലറ ഗോപൻ, റീന മുരളി എന്നിവരെ ചടങ്ങിൽ ശ്രീകുമാരൻതമ്പി ആദരിച്ചു.

ഉദ്ഘാടനച്ചടങ്ങിനുശേഷം കല്ലറ ഗോപൻ, എം.ഡി. സോമശേഖരൻ, എടപ്പാൾ വിശ്വനാഥൻ, റീന മുരളി തുടങ്ങിയവരടങ്ങിയ ഗായകർ ശ്രീകുമാരൻതമ്പിയുടെ ഗാനങ്ങൾ ‘ഇലഞ്ഞിപ്പൂമണം’ പാട്ടുസന്ധ്യയിൽ ആലപിച്ചു. ചടങ്ങിൽ ഗീതം സംഗീതം പ്രസിഡന്റ് ആർ. ഗോപിമോഹൻ അധ്യക്ഷനായി. സെക്രട്ടറി സുകുമാരൻ ചിത്രസൗധം, ജയരാജ് വാര്യർ, എൻ.എസ്. ഹരേഷ്ബാബു, അനിൽ വടക്കത്ത്, കെ. മധുസൂദനൻ, ടി.ആർ. വിജയകുമാർ, എം. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.