ചേർപ്പ്: 45 അടി ഉയരമുള്ള തെങ്ങിൽ കുടുങ്ങിയ മരംമുറിത്തൊഴിലാളിയെ മുപ്പത്തിയേഴുകാരൻ രക്ഷിച്ചു. പാലയ്ക്കൽ വൈദ്യക്കാരൻ മാത്യുവിന്റെ മകൻ ജോഷിയാണ് രക്ഷാപ്രവർത്തകനായത്. തൃപ്രയാർ കുന്നത്ത് ശരതാ(45)ണ് തെങ്ങിന് മുകളിൽവെച്ച് തളർന്ന് കയറിൽ തൂങ്ങിക്കിടന്നത്.

തെങ്ങിൽ കയറി അടിയന്തര രക്ഷാപ്രവർത്തനം നടത്തിയ ജോഷി അഗ്നിരക്ഷാസേന എത്തുന്നതുവരെ ശരത്തിനെ സംരക്ഷിച്ചു. ചൊവ്വാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവം. പാലയ്ക്കൽ കുണ്ടിനി സതീശന്റെ പറമ്പിലെ തെങ്ങ് മുറിക്കാൻ കയറിയ ശരത് അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കണ്ട് അയൽവാസിയായ ജോഷിയെ വിവരം അറിയിച്ചു. ജോഷിയും സഹോദരൻ ജോജുവും കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തെങ്ങിന് മുകൾഭാഗത്തായി അരയിൽ കെട്ടിയ കയറിൽ ശരത്ത് തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് ജോഷി പറഞ്ഞു. ശരത്ത് ഉപയോഗിച്ച തളപ്പ്‌ താഴെ കിടപ്പുണ്ടായിരുന്നു. അതുപയോഗിച്ച് വടിയുമായി ജോഷി തെങ്ങിൽ കയറി. വീട്ടിലെ മരം കയറിയ പരിചയമുണ്ടായിരുന്നു.

ശരത്തിന് ഇരിക്കാൻ പാകത്തിൽ തെങ്ങിൽ ചേർത്ത് വടി കെട്ടി ഉറപ്പിച്ചു. അഗ്നിരക്ഷാസേന എത്തുംവരെ താങ്ങിപ്പിടിച്ച് നിർത്തി. ലീഡിങ് ഫയർമാൻ ടി. അനിൽകുമാർ, ഫയർമാൻമാരായ ഷോബിൻദാസ്, നിധിൻ വിൻസെന്റ് എന്നിവർ ചേർന്ന് കയറിൽ ഒരുക്കിയ ‘ചെയർ നോട്ട്’ സംവിധാനത്തിൽ ശരത്തിനെ താഴെയിറക്കി.

ശരത്തിന് പരിക്കൊന്നുമില്ല. കഞ്ഞി കുടിച്ച് ഉഷാറായശേഷം ശരത്ത് മടങ്ങി. ജീവകാരുണ്യസംഘടനയായ ആക്ട്സിന്റെ ആരംഭം മുതലുള്ള പ്രവർത്തകനും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ് ജോഷി.