അതിരപ്പിള്ളി : വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. വീണ്ടും പ്രവർത്തനം തുടങ്ങി. ഡോക്ടറടക്കമുള്ള ജീവനക്കാർക്ക് കോവിഡ് ഡൊമിസിലിയറി സെന്ററുകളുടെ ചുമതലയും വാക്‌സിനേഷനും ഏറ്റെടുക്കേണ്ടിവന്നതിനാലാണ് സായാഹ്ന ഒ.പി. പ്രവർത്തനം നിർത്തിയത്.

കോവിഡ് കേസുകൾ വളരെ കുറഞ്ഞ് എ കാറ്റഗറിയിലാണ് ഇപ്പോൾ അതിരപ്പിള്ളി പഞ്ചായത്ത്. അതിനാൽ കഴിഞ്ഞദിവസം ചേർന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയാണ് സായാഹ്ന ഒ.പി. പ്രവർത്തനം വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്.

തിങ്കൾ മുതൽ ശനിവരെ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് 5.45 വരെയും ഞായറാഴ്ച രാവിലെ ഒൻപത് മുതൽ ഒരു മണി വരെയും ആരോഗ്യകേന്ദ്രം പ്രവർത്തിക്കും. ഡോക്ടറുടേയും ജീവനക്കാരുടേയും സേവനം ലഭിക്കും.

മലക്കപ്പാറ സബ്‌ സെന്ററിൽ എല്ലാ ബുധനാഴ്ചകളിലും ഡോക്ടറുടെ സേവനം ലഭ്യമാക്കാനും പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ സേവനം പുനരാരംഭിക്കാനും തീരുമാനമായി.