പെരുമ്പിലാവ് : തിങ്കളാഴ്‌ച രാവിലെ ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞുവീണ് രണ്ട് വൈദ്യുതിക്കാലുകൾ ഒടിഞ്ഞു. 12 ട്രാൻസ്‌ഫോർമർ പ്രദേശത്ത് മരങ്ങൾ വീണ് കമ്പികൾ പൊട്ടി. ചേലക്കുളം ഭാഗത്ത് തെങ്ങ് എച്ച്.ടി. ലൈനിലേക്കാണ് പൊട്ടിവീണത്. വൈദ്യുതിക്കാലും തകർന്നു. കോടതിപ്പടിയിൽ എൽ.ടി. ലൈൻ കമ്പിയിലാണ് തെങ്ങ് വീണത്. ഇവിടെയും വൈദ്യുതിക്കാൽ മുറിഞ്ഞു. ചേലക്കുളത്തും കോടതിപ്പടിയിലും രാത്രി വൈകിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.

ചേലക്കോട് : കാറ്റത്ത് തെങ്ങ് ഒടിഞ്ഞുവീണതിനെത്തുടർന്ന് വീട് തകർന്നു. വില്ലേജ് ഓഫീസിനു സമീപം ചേലക്കോട് നെയ്തുകുളങ്ങര ശാന്തയുടെ വീടാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. വീട്ടുപകരണങ്ങൾ നശിച്ചു.

പന്നിത്തടം : എയ്യാലിൽ തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ ഓടുമേഞ്ഞ വീടിനു മുകളിലേക്ക് തെങ്ങ്‌ കടപുഴകിവീണു. പറമ്പിൽപ്പീടികയിൽ വീട്ടിൽ മുത്തുവിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. തെങ്ങുവീണ ഭാഗത്ത് വീട്ടുകാർ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഓടും മരത്തിന്റെ കഴുക്കോലുകളും ചുമരും തകർന്നു.