കൊടുങ്ങല്ലൂർ : കോവിഡ് വ്യാപനം രൂക്ഷമായ ശ്രീനാരായണപുരം പഞ്ചായത്തിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്തിലെ കോവിഡ് വിലയിരുത്തൽ സമിതി യോഗം തീരുമാനിച്ചു.

കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തുന്ന വ്യക്തികൾ അടിയന്തരമായി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. വീട്ടിലെ മറ്റ് അംഗങ്ങൾക്ക് കോവിഡ് വരാതിരിക്കാൻ മുൻകരുതലെടുക്കാൻ ജനങ്ങൾ സ്വയം തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു. ജനപ്രതിനിധികൾ മുൻകൈ എടുത്ത് ആർ.ആർ.ടി. അംഗങ്ങളെയും അയൽവാസികളെയും ഉൾപ്പെടുത്തി നിരീക്ഷണ സമിതികൾ രൂപവത്‌കരിച്ച് രോഗവ്യാപനം തടയും. ഇതിനായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങളും വ്യാപാരികളും നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. മൊബൈൽ ടെസ്റ്റ് യൂണിറ്റ് ആരംഭിക്കുവാനും കൂടുതൽ ടെസ്റ്റുകൾ നടത്താനും യോഗം തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.സി. ജയ, സർക്കിൾ ഇൻസ്‌പെക്ടർ ടി.കെ. ബൈജു, സെക്ടറൽ മജിസ്‌ട്രേറ്റ് ഷഹീന, സ്ഥിരം സമിതി ചെയർമാൻമാരായ പി.എ. നൗഷാദ്, കെ.എ. അയൂബ്, മിനി പ്രദീപ്, സെക്രട്ടറി കെ.ഐ. അബ്ദുൾ ജലീൽ, ഹെൽത്ത് ഇസ്‌പെക്ടർ നജീബ്, പഞ്ചായത്തംഗം സുബീഷ് തുടങ്ങിയവർ പങ്കെടുത്തു.