തൃശ്ശൂർ : കോർപ്പറേഷൻ ‘സി’ വിഭാഗത്തിലായതോടെ ഗതാഗതനിയന്ത്രണം സംബന്ധിച്ച് വ്യാഴാഴ്ചയുണ്ടായ ആശയക്കുഴപ്പം യാത്രക്കാരെ പെരുവഴിയിലാക്കി. ആദ്യം നഗരത്തിലേക്കുള്ള ബസുകൾ പോലീസ് തടഞ്ഞു. ഉച്ചയോടെ വീണ്ടും പ്രവേശിപ്പിച്ചുതുടങ്ങി. പാതിവഴിയിൽ ഇറക്കിവിടുന്നതിനെതിരേ യാത്രക്കാർ പലയിടങ്ങളിലും പ്രതിഷേധിച്ചു. രാവിലെ മുതലാണ് പോലീസ് ബസുകൾ തടഞ്ഞുതുടങ്ങിയത്. പുഴയ്ക്കൽപ്പാടത്തും കോലോത്തുംപാടത്തുമെല്ലാം ബസുകൾ തടഞ്ഞിട്ടു. നഗരത്തിൽ പ്രവേശിക്കാതെ തിരികെ പോയാൽ മതിയെന്നായിരുന്നു നിലപാട്. പലരും കെ.എസ്.ആർ.ടി.സി. ബസുകളിൽ കൂട്ടമായി കയറുകയും ചെയ്തു.

പ്രശ്‌നം രൂക്ഷമായതോടെ പോലീസ് ബസ് തടയൽ നിർത്തി. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ബസുകൾ ആദ്യം തടയുകയും പിന്നീട് പ്രവേശനം അനുവദിക്കുകയും ചെയ്തതെന്ന്് പോലീസ് പറയുന്നു. നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന വിവരം കൃത്യമായി അറിയാത്തതുമൂലം മിക്ക കടകളും തുറന്നിരുന്നു. ഇതെല്ലാം പോലീസ് അടപ്പിച്ചു. അവശ്യസേവനത്തിലുൾപ്പെടുന്ന കടകൾ തുറക്കാൻ അനുവദിച്ചു.

പേർ അറസ്റ്റിൽ, 257 വാഹനങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 59 പേരെ റൂറൽ പോലീസ് അറസ്റ്റ്‌ ചെയ്തു. 68 കേസുകൾ രജിസ്റ്റർ ചെയ്തു. 257 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 640 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 1135 പേരിൽനിന്നും പിഴയീടാക്കി.