കിഴുപ്പിള്ളിക്കര : കാഴ്ചപരിമിതിയുണ്ടെങ്കിലും മനസ്സുവെച്ചാൽ നേടാനാകാത്തത് ഒന്നുമില്ലെന്ന് തെളിയിക്കുന്നതാണ് വിഷ്ണുവിന്റെ എ പ്ലസ് വിജയം. ഗ്ലൂക്കോമ ബാധിച്ച് ജന്മനാ കാഴ്ചശക്തി കുറഞ്ഞ വിഷ്ണു പ്ലസ്ടു പരീക്ഷയിൽ 96 ശതമാനം മാർക്കോടെയാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.

കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. വാദ്യകലാകാരനും ഓട്ടോ തൊഴിലാളിയുമായ പാറേപറമ്പിൽ മണികണ്ഠന്റെയും കവിതയുടെയും മകനാണ്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ ഒട്ടേറെ മത്സരങ്ങളിലും സമ്മാനം നേടിയിട്ടുള്ള വിഷ്ണു, സംഗീതത്തിന് പുറമെ മൃദംഗം, വയലിൻ എന്നിവയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠനം.

നിരന്തര ചികിത്സയിലൂടെയും പ്രത്യേക പരിശീലനം വഴിയും പുസ്തകത്തിലെ അക്ഷരങ്ങളെയും ചിത്രങ്ങളെയും അവ്യക്തമായി തിരിച്ചറിയാൻ വിഷ്ണുവിന് ഇന്ന് കഴിയുന്നുണ്ട്. ഏഴാം ക്ലാസുകാരനായ വിനായക് ആണ് സഹോദരൻ.

വിജയത്തിൽ അധ്യാപകരും പി.ടി.എ.യും വിഷ്ണുവിനെ പ്രത്യേകം അഭിനന്ദിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് മുഹമ്മദാലിയും വീട്ടിലെത്തി അനുമോദിച്ചു.