അന്നമനട : രോഗം പ്രതിസന്ധിയിലാക്കിയ ആര്യംപറമ്പ് അശോകന്റെ ഉപജീവനമാർഗ്ഗം വീണ്ടെടുക്കാൻ ജനപ്രതിനിധിയുടെ ഓണറേറിയം.

അന്നമനട പാലത്തിനു സമീപം റോഡരികിൽ മീൻവില്പന നടത്തിയിരുന്ന അശോകന് പക്ഷാഘാതം മൂലം ഉപജീവനം വഴിമുട്ടുകയായിരുന്നു. ചികിത്സച്ചെലവും ഏറിയതോടെ സ്ഥാപനം വീണ്ടും തുറക്കാൻ കഴിയാത്ത നിലയായി. കട ഏറ്റെടുത്തുനടത്താൻ തയ്യാറായ അശോകന്റെ ഭാര്യയ്ക്ക് സ്ഥാപനം തുറക്കാനുള്ള ചെലവ് ബ്ലോക്ക് പഞ്ചായത്തംഗം ഒ.സി. രവി കൈമാറുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയ്ക്ക് ലഭിച്ച ഓണറേറിയമാണ് കൈമാറിയത്.

വി.ആർ. സുനിൽ കുമാർ എം.എൽ.എ. തുക കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, മുൻ വൈസ് പ്രസിഡന്റ് ടി.കെ. ഗോപി എന്നിവരും സംബന്ധിച്ചു.